എറണാകുളം:സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എ.സി.ജെ.എം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴി ഉള്ളതായി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ കോടതി വ്യക്തമാക്കി. ഉന്നത വ്യക്തികൾക്ക് കുറ്റകൃത്യത്തിൽ പങ്കെന്ന് മൊഴികൾ വ്യക്തമാക്കുന്നു. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വ്യക്തമാണ്.
കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ എം. ശിവശങ്കറിന് ജാമ്യമില്ല - ശിവശങ്കറിന് ജാമ്യമില്ല
ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴി ഉള്ളതായി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ കോടതി വ്യക്തമാക്കി
കള്ളക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമായി. മറ്റ് പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്‍റെ വാദം നിലനിൽക്കില്ല. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് വ്യക്തമാകുന്നതായും കോടതി അറിയിച്ചു. ശിവശങ്കറിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമല്ലെന്നും കോടതി വിലയിരുത്തി.
ഉന്നത സ്വാധീനമുള്ള ശിവശങ്കർ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന കസ്റ്റംസിന്‍റെ വാദം കോടതി അംഗീകരിച്ചു. അന്വേഷണങ്ങളുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന എം. ശിവശങ്കറിന്‍റെ വാദവും കോടതി തള്ളി. ഇതുവരെ വ്യക്തമായ ഒരു തെളിവും തനിക്കെതിരെയില്ല. കോടതിയെ തൃപ്‌തിപ്പെടുത്താൻ മാത്രം ഓരോ രേഖകൾ അന്വേഷണ സംഘം സമർപ്പിക്കുന്നുവെന്ന വാദവും വിചാരണ കോടതി അംഗീകരിച്ചില്ല.