എറണാകുളം: ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ പിടിയിലാവുകയും, പിന്നീട് നൈജീരിയൻ നാവികസേനയ്ക്ക് കൈമാറുകയും ചെയ്‌ത മലയാളികൾ ഉൾപെടെയുള്ള കപ്പൽ ജീവനക്കാർ മോചിതരായി നാട്ടിൽ തിരിച്ചെത്തി. നിരന്തരമായ നയതന്ത്ര ഇടപെടലിനും നിയമ നടപടികൾക്കും ഒടുവിലാണ് പത്ത് മാസത്തിന് ശേഷം ഇവർക്ക് സ്വദേശത്ത് തിരിച്ചെത്താൻ കഴിഞ്ഞത്. ക്രൂഡ് ഓയിൽ ടാങ്കർ എംടി ഹീറോയിക് ഇഡൂണിലെ ജീവനക്കാരായിരുന്ന 16 ഇന്ത്യക്കാരിൽ മൂന്ന് പേർ മലയാളികളായിരുന്നു.
കൊച്ചി സ്വദേശികളായ മിൽട്ടൺ, സനു ജോസ്, കൊല്ലം സ്വദേശി വിജിത്ത് എന്നിവർ കൊച്ചി എയർപോട്ടിലാണ് തിരിച്ചെത്തിയത്. ഹൈബി ഈഡൻ എംപി, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ മൂവരെയും സ്വീകരിച്ചു. പത്ത് മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തിരിച്ചെത്തിയ പ്രിയപ്പെട്ടവരെ സ്വീകരിക്കാൻ മൂവരുടെയും ബന്ധുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു.
വികാരനിര്‍ഭര നിമിഷം: ഏറെ വികാര വായ്പോടെയാണ് അവർ തങ്ങളുടെ ഉറ്റവരെ സ്വീകരിച്ചത്. തങ്ങളുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുകയും പ്രാർഥിക്കുകയും ചെയ്‌ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി സനു ജോസ് പറഞ്ഞു. പ്രതീക്ഷയറ്റുപോയ സമയമുണ്ടായിരുന്നെങ്കിലും ദൈവത്തിന്‍റെ കൃപയിൽ തിരിച്ചെത്താൻ കഴിഞ്ഞുവെന്നും എല്ലാവരും കുടെയുണ്ടെന്ന ആശ്വാസമാണുണ്ടായിരുന്നതെന്നും സനു പറഞ്ഞു.
അന്വേഷണവുമായി സഹകരിച്ചതിനാൽ തങ്ങളെ കപ്പലിൽ തന്നെയാണ് തടവിൽ പാർപ്പിച്ചതെന്നും സനു ജോസ് അറിയിച്ചു. ഇന്ത്യന്‍ സർക്കാർ ഇടപെട്ടതിനാൽ നൈജീരിയൻ നേവി നല്ല നിലയിലാണ് ഞങ്ങളോട് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഭാഗത്തു നിന്നും ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നും വളരെ നല്ല ഇടപെടലാണ് ഉണ്ടായതെന്ന് വിജിത്ത് അറിയിച്ചു. കൊല്ലത്ത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് വിജിത്ത്.