എറണാകുളം:കൊച്ചി നഗരത്തിൽ എത്തുന്ന വനിതകൾക്ക് വിശ്രമിക്കാൻ ഷീ ലോഡ്‌ജ് സൗകര്യം. നഗരത്തിലെത്തുന്നവർക്ക് പത്ത് രൂപയ്‌ക്ക് ഊണ് നൽകുന്ന സമൃദ്ധിക്ക് ശേഷം കൊച്ചി കോർപ്പറേഷൻ നടപ്പിലാക്കുന്ന ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് ഷീ ലോഡ്‌ജ്. വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസ സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എറണാകുളം നോർത്തിലെ പഴയ ലിബ്ര ഹോട്ടലിന്‍റെ ഒരു ഭാഗം നവീകരിച്ചാണ് ഷീ ലോഡ്‌ജാക്കി മാറ്റിയത്. 4.8 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. നിലവിൽ ലോഡ്‌ജിന്‍റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണുള്ളത്.
കോർപ്പറേഷന്‍റെ ഓണസമ്മാനമായി ഷീ ലോഡ്‌ജ് ഉദ്‌ഘാടനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഓണത്തിന് ശേഷമായിരിക്കും പ്രവർത്തനം തുടങ്ങുക. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ സൗകര്യമനുസരിച്ച് ഓണം കഴിഞ്ഞ ഉടനെ തന്നെ ഷീ ലോഡ്‌ജ് ഉദ്‌ഘാടനം ചെയ്യുമെന്ന് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.ആർ. റെനീഷ് പറഞ്ഞു. ഷീ ലോഡ്‌ജ് യാഥാർഥ്യമാകുന്നതോടെ സ്‌ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസവും, സമൃദ്ധിയിൽ നിന്ന് ചെറിയ നിരക്കിൽ മൂന്ന് നേരം ഭക്ഷണവും നൽകാൻ കഴിയും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്‌ത്രീകൾക്ക് പ്രത്യേക നിരക്ക് ഉൾപ്പടെ പരിഗണനയിലുണ്ട്. ഷീ ലോഡ്‌ജിലെ നിരക്ക് സംബന്ധിച്ചും നടത്തിപ്പ് സംബന്ധിച്ചും കോർപ്പറേഷൻ കൗൺസിൽ അന്തിമ തീരുമാനമെടുക്കുമെന്നും പി.ആർ റെനീഷ് വ്യക്തമാക്കി. അതേസമയം ഷീ ലോഡ്‌ജിന്‍റെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാനാണ് സാധ്യത.