കേരളം

kerala

ETV Bharat / state

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി; പ്രതിഷേധം ശക്തം - ശാന്തിവനം

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധിച്ച് സ്ഥലം ഉടമയായ മീന മേനോന്‍ സ്വന്തം മുടി മുറിച്ചു

ശാന്തിവനം

By

Published : Jun 19, 2019, 5:07 PM IST

Updated : Jun 19, 2019, 7:24 PM IST

കൊച്ചി: പ്രതിഷേധങ്ങള്‍ക്കിടെ പറവൂര്‍ ശാന്തിവനത്തില്‍ സ്ഥാപിച്ച വൈദ്യുത ടവറിനോട് ചേർന്ന മരങ്ങളുടെ ശിഖരങ്ങള്‍ പൊലീസ് സഹായത്തോടെ മുറിച്ചുമാറ്റി. ടവർ നിർമ്മാണം പൂർത്തിയാക്കി ലൈൻ വലിച്ചതിനെ തുടർന്നുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായാണ് മരങ്ങളുടെ ശിഖരം മുറിക്കാൻ കെഎസ്ഇബി തീരുമാനിച്ചത്. ഇന്ന് രാവിലെ അധികൃതർ മരംമുറിക്കാൻ എത്തിയതോടെ ശാന്തിവനം സംരക്ഷണസമിതിയും സ്ഥലം ഉടമയായ മീന മേനോനും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മരം മുറിക്കുന്നതിൽ നിന്ന് താല്‍ക്കാലികമായി പിൻമാറിയെങ്കിലും ഉച്ചയ്ക്കുശേഷം കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. ഇതിനുശേഷം കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുത ടവറിനോട് ചേർന്നുള്ള എട്ട് മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി. ഇതേതുടർന്ന് സ്ഥലം ഉടമയായ മീന മേനോന്‍ മരങ്ങൾ മുറിച്ചതില്‍ പ്രതിഷേധിച്ച് സ്വന്തം മുടി മുറിച്ച് പ്രതിഷേധിച്ചു.

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി; പ്രതിഷേധം ശക്തം

പറവൂർ ശാന്തി വനത്തിലൂടെ കെഎസ്ഇബി വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അലൈൻമെൻറിൽ മാറ്റം വരുത്തില്ലെന്നുമുള്ള നിലപാടിൽ വൈദ്യുതി വകുപ്പ് മന്ത്രി ഉറച്ചുനിന്നു. വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട ചിലരുടെ സ്ഥലങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശാന്തി വനത്തിലൂടെ കെഎസ്ഇബി ലൈൻ വലിച്ചതെന്ന വിമർശനവും ശക്തമാണ്. കോൺഗ്രസ് നേതാവ് വി എം സുധീരൻ, സിപിഐ നേതാവ് ബിനോയ് വിശ്വം ഉൾപ്പടെയുള്ളവർ ശാന്തിവനം സംരക്ഷണ സമിതിക്ക് പിന്തുണയർപ്പിച്ച് പരസ്യമായി രംഗത്തുവന്നിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ശാന്തി വനം സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ലഭിച്ചുവെങ്കിലും ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് കെഎസ്ഇബി മരങ്ങൾ വെട്ടിമാറ്റി പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

Last Updated : Jun 19, 2019, 7:24 PM IST

ABOUT THE AUTHOR

...view details