നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയില്‍ - kochi blackmailing case
10:50 June 27
പാലക്കാട് സ്വദേശി ഷരീഫാണ് പിടിയിലായത്
എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിലായി. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. പാലക്കാട് നിന്നും പുലർച്ചെ കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു. പാലക്കാട് സ്വദേശിയായ ഇയാളുടെ നിർദേശ പ്രകാരമാണ് ഷംനയുടെ വീട്ടിൽ പോയതെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു. നടിയുമായി ഷെരീഫിന് ബന്ധമുണ്ടെന്നും ഇയാൾ ഫോണിലൂടെ ഷംനയുമായി സംസാരിച്ചിരുന്നു എന്നും പ്രതികൾ പറഞ്ഞിരുന്നു. ഇതോടെ നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ ഏഴ് പ്രതികളാണ് പിടിയിലായത് .
നേരത്തെ പിടിയിലായ പ്രതികളുടെ ഫോട്ടോ പുറത്ത് വന്നതോടെ ഇവർക്കെതിരെ ഏഴ് പരാതികളാണ് പൊലീസിന് ലഭിച്ചത്. മോഡലിങ് രംഗത്തും സീരിയൽ രംഗത്തും ഉള്ള യുവതികളാണ് പരാതി നല്‍കിയത്. യുവതികളെ തടഞ്ഞുവെച്ച ശേഷം സ്വർണ്ണക്കടത്തിന് പ്രേരിപ്പിച്ചെന്നും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ആണ് പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യക്കടത്ത്, സ്ത്രീകൾക്കെതിരെയുള്ള ലൈഗിംകാതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. നേരത്തെ അറസ്റ്റിലായ നാല് പ്രതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അഞ്ചാം പ്രതി അബ്‌ദുസലാം കോടതിയിൽ കീഴടങ്ങിയിരുന്നു. ഇന്നലെ കീഴടങ്ങിയ മറ്റൊരു പ്രതിയായ അബൂബക്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.