എറണാകുളം : ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ ബുധനാഴ്‌ച പാലക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കും. അതിനുശേഷം കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഷാജ് കിരണ്‍ വ്യക്തമാക്കി. സാമ്പത്തിക ഇടപാടിന് അപ്പുറത്തുള്ള കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദിക്കുന്നതെന്ന് ഇയാള്‍ ആരോപിച്ചു.
താൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഫോണുകൾ ഇ.ഡിക്ക് കൈമാറാൻ തയ്യാറായില്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ ഫോണുകൾ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഷാജ് കിരണ്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു ഇതിൻ്റെ വിവരം ഇ.ഡി-യ്ക്ക് നൽകും. സ്വപ്‌ന പറയുന്നത് കളവാണെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളുണ്ട്. എം.ശിവശങ്കറാണ് സ്വപ്‌നയെ പരിചയപ്പെടുത്തിയതെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
എന്നാൽ തന്നെ ആരാണ് പരിചയപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ഉൾപ്പെടുന്ന ഫോൺ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ടെന്നും ഷാജ് കിരൺ പറഞ്ഞു. അതേസമയം സ്വപ്‌ന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിനെ ഇ.ഡി. രണ്ടാം തവണയും ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ഇ.ഡി. ഓഫിസിലാണ് മൊഴിയെടുക്കല്‍.
മുഖ്യമന്ത്രിക്ക് വേണ്ടി, കോടതിയിൽ നൽകിയ രഹസ്യമൊഴി മാറ്റണമെന്ന് ഷാജ് കിരൺ സമ്മർദം ചെലുത്തിയെന്നായിരുന്നു സ്വപ്‌ന ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം സ്വപ്‌ന പുറത്തുവിട്ടിരുന്നു. ഓഡിയോ സന്ദേശം എഡിറ്റ് ചെയ്‌തതാണെന്നായിരുന്നു ഷാജ് കിരണിന്‍റെ പ്രതികരണം.
കെ.ടി.ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത ഗൂഢാലോചന കേസിൽ, ക്രൈംബ്രാഞ്ച് രണ്ട് തവണ ഷാജ് കിരണിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിനുശേഷമാണ് സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡിയും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.