എറണാകുളം : ഗവർണർക്കെതിരായ എസ്എഫ്ഐ ആക്രമണത്തിന്‍റെ ഉത്തവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് (BJP state general secretary MT Ramesh). തനിക്കെതിരായ എസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ഗവർണറുടെ ആരോപണം അതീവ ഗൗരവകരമാണ് (MT Ramesh about SFI attack on Governor). സംസ്ഥാനത്തിന്‍റെ ഭരണ തലവനായ ഗവർണറെ തെരുവിൽ ആക്രമിക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എംടി രമേശ് പറഞ്ഞു.
കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരിഷ്‌കൃതമായ നിലപാടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. ഇതിനെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.
ഗവർണറെ തെരുവിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച ക്രിമനലുകളെ പരസ്യമായി ന്യായീകരിക്കാൻ ശ്രമിച്ച മന്ത്രിമാരും, മുഖ്യമന്ത്രിയും വലിയ ഗുരുതരമായ കുറ്റമാണ് ചെയ്‌തത്. ഗുരുതരമായ ഭരണഘടന പ്രശ്‌നമാണിത്. രാജ്യത്ത് പ്രോട്ടോക്കോൾ അനുസരിച്ച് ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് ഗവർണർ. മതിയായ സുരക്ഷയൊരുക്കേണ്ടത് നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റിയില്ല എന്ന് മാത്രമല്ല, ആക്രമിക്കാൻ ശ്രമിച്ചവരെ പരസ്യമായി ന്യായീകരിച്ചതിലൂടെ സംസ്ഥാന ഗവൺമെന്‍റിനുള്ള പങ്കാളിത്തം വ്യക്തമാവുകയാണ്.
ഇതേ കുറിച്ചാണ് ഈ ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് ഗവർണർ സൂചിപ്പിച്ചത്. ഇത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഗവർണറുടെ ആരോപണം പ്രഥമ ദൃശ്ട്യാ വസ്‌തുതാപരമെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണെന്നും എംടി രമേശ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്‌ചയെ ന്യായീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ഗവർണർ ബോധപൂർവം പ്രകോപിപ്പിച്ചതു കൊണ്ടാണ് വിദ്യാർഥികൾ നിയമം കയ്യിലെടുത്തത് എന്നായിരുന്നു.