എറണാകുളം : പീഡനക്കേസിൽ പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി (Sexual Assault Case against Government pleader PG Manu). പ്രതിയായ സാഹചര്യത്തിലാണ് പി ജി മനുവിന്‍റെ രാജി അഡ്വക്കറ്റ് ജനറൽ എഴുതി വാങ്ങിയത്. അതേസമയം, പീഡന പരാതിയിൽ പൊലീസ് ഇന്ന് നോട്ടിസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും (Sexual Assault Case Government pleader PG Manu forced to resign).
എറണാകുളം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിൽ പി ജി മനുവിനെതിരെ ഇന്നലെ പൊലീസ് കേസ് എടുത്തിരുന്നു. ബലാത്സംഗം, പീഡനശ്രമം, ഐ ടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്. 2018ലെ പീഡനക്കേസിലെ പരാതിക്കാരിയായ യുവതി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിർദേശ പ്രകാരമാണ് പി ജി മനുവിനെ കാണുന്നത്.
മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു കഴിഞ്ഞ മാസം ഒമ്പതിന് യുവതി കടവന്ത്രയിലെ ഓഫിസിലെത്തി ആദ്യമായി മനുവിനെ കണ്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് അറിയിച്ച് മാതാപിതാക്കളെ പുറത്ത് നിർത്തിയായിരുന്നു ആദ്യ പീഡന ശ്രമം നടത്തിയത്. ഈ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ദിവസവും പീഡിപ്പിക്കാൻ ശ്രമിച്ചു.
തുടർന്ന് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയത്ത് കഴിഞ്ഞ മാസം 24ന് വീട്ടിലെത്തി അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തു എന്നാണ് യുവതിയുടെ പരാതി. മനു യുവതിക്ക് അശ്ലീല സന്ദേശമയച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.