കൊച്ചി:ബലാത്സംഗ കേസിൽ പ്രതിയായ നടന്‍ വിജയ് ബാബുവിനെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി വിജയ് ബാബു നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഞായറാഴ്ച കൊച്ചിയിൽ ചേർന്ന അമ്മ പ്രവർത്തക സമിതി അംഗീകരിക്കുകയായിരുന്നു.
പ്രവർത്തക സമിതി അംഗം കൂടിയായ വിജയ ബാബു ബലാത്സംഗ കേസിൽ പ്രതിയായ സാഹചര്യത്തിലായിരുന്നു അമ്മ അടിയന്തര യോഗം ചേർന്നത്. പ്രസിഡന്‍റ് മോഹന്‍ലാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. കമ്മിറ്റിയിലെ വനിത അംഗങ്ങളായ ശ്വേതാ മേനോൻ, മഞ്ജു പിള്ള, രചനാ നാരായണൻകുട്ടി, ലെന, സുരഭിലക്ഷ്മി എന്നിവർ കർശന നടപടി വേണമെന്ന നിലപാടിലായിരുന്നു. ജയസൂര്യ, ബാബുരാജ്, ടിനി ടോം, കരമന സുധീർ എന്നിവരും ഇതേ നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന.
സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി വിജയ് ബാബു നേതൃത്വത്തിന് കത്ത് നല്‍കുകയായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഇടവേളബാബു പറഞ്ഞു. ഈ കത്ത് യോഗം ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നുവെന്നും ഇടവേള ബാബു വ്യക്തമാക്കി. ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ താരസംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലും പരാതി പരിശോധിച്ച് കർശന നടപടിക്ക് ശുപാർശ ചെയ്തിരുന്നു.