കൊച്ചി:എറണാകുളം ജനറൽ ആശുപത്രിയിലെ(Ernakulam general hospital) മുതിർന്ന ഡോക്‌ടർക്കെതിരെ ലൈംഗികാതിക്രമ(Sexual assault) ആരോപണവുമായി യുവവനിത ഡോക്‌ടര്‍. 2019ൽ ഹൗസ് സർജൻസി(House surgency) ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്‌ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്നാണ് ആരോപണം. വനിത ഡോക്‌ടർ ഫേസ്‌ബുക്കിലൂടെയാണ്(Facebook) ആരോപണം ഉന്നയിച്ചത്.
ഇതേതുടർന്ന് പരാതിക്കാരിയിൽനിന്ന് കൂടുതൽ വിവരം ആവശ്യപ്പെട്ടതായും, ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പരാതി പൊലീസിന് കൈമാറുമെന്നും അവർ വ്യക്തമാക്കി. 2019 ഫെബ്രുവരി മാസത്തിൽ സീനിയർ കൺസൾട്ടന്‍റിനെതിരെ പരാതി പറയാൻ സീനിയർ ഡോക്‌ടറുടെ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ കൺസൾട്ടേഷൻ മുറിയിൽ വൈകുന്നേരം ഏഴ് മണിയോടെ എത്തിയ സമയത്താണ് ദുരനുഭവമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.
ഡോക്‌ടര്‍ തന്നോട് അപ്രതീക്ഷിതമായി പെരുമാറിയതിന്‍റെ പിറ്റേദിവസം തന്നെ ആശുപത്രി അധികാരികളോട് വാക്കാൽ പരാതി പറഞ്ഞിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥൻ ആയതിനാലും ഇന്‍റേണ്‍ഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവും അന്ന് കൂടുതൽ പരാതി നൽകാൻ സാധിച്ചില്ല. ആ ഡോക്‌ടർ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയതറിഞ്ഞാണ് ഇപ്പോൾ പോസ്‌റ്റിടുന്നതെന്നും അതിക്രമം നേരിട്ട ഡോക്‌ടര്‍ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വിഷയം തുറന്നു പറയാൻ പോലും എനിക്ക് ഒരുപാട് വർഷങ്ങൾ വേണ്ടി വന്നു. വേട്ടക്കാരനെ തുറന്നുകാട്ടാനും അവന്‍റെ ചെയ്‌തികളെക്കുറിച്ച് എല്ലാവരും അറിയണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഞാനടക്കമുള്ള വനിത ഡോക്‌ടർമാർക്ക് നീതി ലഭിക്കണം.
ഇത്തരം ഡോക്‌ടർമാർ സമൂഹത്തിന് നാണക്കേടാണ്, അവരെ പ്രാക്‌ടീസ് ചെയ്യാൻ അനുവദിക്കരുത്. എന്‍റെ പോസ്‌റ്റ് ശരിയായ ആളുകളിലേക്ക് എത്തുമെന്നും, അത്തരം വക്രബുദ്ധികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതീജീവിത കുറിച്ചു.