എറണാകുളം:മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയുടെ 26 ആഴ്‌ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഗർഭഛിദ്രം നടത്താൻ അനുമതി തേടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സർക്കാർ ആശുപത്രിയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ച് ശസ്ത്രക്രിയ നടത്തണം.
ഗര്‍ഭധാരണം 26 ആഴ്‌ചയെത്തിയ പതിനേഴ്‌കാരിക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി
പെണ്‍കുട്ടി മാനസകിവെല്ലുവിളി നേരിടുന്നുണ്ട്. എംടിപി നിയമപ്രകാരം ഗര്‍ഭധാരണം 24 ആഴ്‌ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രത്തിന് കോടതിയുടെ അനുമതി വേണം
ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുന്ന വേളയിൽ ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണം. കുഞ്ഞിനെ പെൺകുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സർക്കാർ സംരക്ഷണം നൽകാനും ജസ്റ്റിസ് വി.ജി. അരുൺ നിർദേശം നൽകി. നേരത്തെ ഹർജി പരിഗണിച്ച വേളയിൽ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് കോടതി തേടിയിരുന്നു.
ഗർഭാവസ്ഥ തുടരുന്നത് പെൺകുട്ടിയുടെ മാനസിക നിലയെ സാരമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി നടപടി. അയൽവാസിയിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്. ഗർഭം 24 ആഴ്‌ചയെത്തിയപ്പോൾ മാത്രമാണ് പരിശോധനയിലൂടെ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്‌ട് പ്രകാരം 24 ആഴ്‌ച പിന്നിട്ട ഗർഭഛിദ്രം അനുവദനീയമല്ല. തുടർന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.