കൊച്ചി:ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇ.ഡിക്കെതിരായ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രണ്ട് എഫ് ഐ ആറുകളും റദ്ദാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് റദ്ദാക്കിയത്.
ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കോടതി വിമർശിച്ചു. ഏതെങ്കിലും തരത്തിൽ ഇഡി കൃത്രിമത്തെളിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപണമുണ്ടെങ്കിൽ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് പരാതി നൽകേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിയമപരമായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് അന്വേഷണം തുടരാമെന്നും, ഇടപെടാൻ സർക്കാരിന് അവകാശമില്ലെന്നും കോടതി നിർദേശിച്ചു.
ഇഡിക്കെതിരായ അന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും കോടതി വിധിയിൽ പറഞ്ഞു. പ്രധാനകേസ് അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജൻസിക്കെതിരെ മറ്റൊരു ഏജൻസി കേസെടുക്കുന്നത് അസാധാരണമായ സംഭവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ വിവരങ്ങൾ ക്രൈം ബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണം. രേഖകൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടർനടപടികൾ തീരുമാനിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കേന്ദ്ര ഏജന്‍സിയായ ഇ.ഡിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ ഇ.ഡിയുടെ പ്രധാന വാദം. ഇത് ശരി വച്ച് കൊണ്ടാണ് കോടതി ഉത്തരവ്. ഇ.ഡിക്ക് ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ ഇഡി നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി.
സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്കു തിരിയുമെന്നു കണ്ടാണ് കേസെടുത്തതെന്നു ഹർജിക്കാരനായ ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഒരു ഏജൻസിയുടെ അന്വേഷണത്തിന്‍റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ലെന്നു ഹർജിക്കാരനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള അന്വേഷണമാണ് സ്വർണക്കടത്ത് കേസിൽ ഇഡി നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ കേസിന്‍റെ മെറിറ്റിലേക്കൊന്നും കടക്കാതെ തന്നെ കേസുകൾ കോടതി റദ്ദാക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകൾ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലും, സന്ദീപ് നായരുടെ കത്തിന്‍റെ അടിസ്ഥാനത്തിലുമായിരുന്നു ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.