എറണാകുളം :കല്യാണി പ്രിയദർശന് (Kalyani Priyadarshan ) കമന്റേറ്ററായി എത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' (Sesham Mikeil Fathima) തിയേറ്ററുകളിൽ എത്തി. കല്യാണിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രം തന്നെയാണ് 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നിരവധി ബോളിവുഡ് സിനിമകളുടെ ഛായാഗ്രഹകൻ സന്താനമാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
വലിയ ചിത്രങ്ങൾ മാത്രം വിതരണത്തിന് എടുക്കുന്ന ഗോകുലം മൂവീസ് ചിത്രത്തിന്റെ ആശയമേന്മ കണ്ട് മനസിലാക്കിയ ശേഷമാണ് വിതരണത്തിന് തയ്യാറായതെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. റൂട്ട് സ്റ്റുഡിയോസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദളപതി വിജയ് ചിത്രം ലിയോയുടെ കോ-പ്രൊഡ്യൂസർ കൂടിയാണ് പാഷൻ സ്റ്റുഡിയോസ്.
തന്റെ പത്തുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ചിത്രം എന്ന് സംവിധായകൻ മനു സി കുമാർ (Director Manu C Kumar ) പറഞ്ഞു. മലപ്പുറത്തുകാരിയായ സാധാരണ പെൺകുട്ടി കമന്റേറ്ററാകാൻ ആഗ്രഹിക്കുന്നതാണ് ചിത്രം. കമന്ററി മുഖ്യ ആഖ്യാനമായി വരുന്നതുകൊണ്ടുതന്നെ ചിത്രത്തിലെ ശബ്ദവിന്യാസം മികച്ചതാണ്. മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിലൂടെ നീളം കല്യാണിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് ആസ്വദിക്കാൻ ആകും. സിനിമയും ജീവിതവുമായി ബന്ധപ്പെടുത്തി ധാരാളം കഥാപാത്രങ്ങൾ ഈ സിനിമയിൽ വന്നു പോകുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കമുള്ള നിരവധി പേർ കഥാപാത്രങ്ങളാകാതെ വ്യക്തികളായി തന്നെ ചിത്രത്തിൽ എത്തുന്നു.