എറണാകുളം : ജില്ലയിൽ മഴ ശക്തമായതോടെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം. കണ്ണമാലി, നായരമ്പലം മേഖലകളിലെ വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറി. ചെല്ലാനത്തെ ടെട്രാപോഡുകൾ സ്ഥാപിച്ച കടൽ തീരത്ത് പ്രശ്‌നമില്ലെങ്കിലും ഇത് പൂർത്തിയാകാത്ത മേഖലകളിൽ ഇപ്പോഴും കടലാക്രമണ ഭീഷണി നിലനിൽക്കുകയാണ്.
എറണാകുളം കെഎസ്‌ആർടിസി ബസ് സ്റ്റാന്‍റില്‍ വെള്ളം കയറിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ബസ് സ്റ്റാന്‍റിൽ എത്തുന്നവർ മലിന ജലത്തിൽ ചവിട്ടി ബസുകളിൽ കയറേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ബസ് സ്റ്റാന്‍റിലേക്കെത്തുന്ന യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ജില്ലയിൽ മലയോര മേഖലയിൽ മഴക്കെടുതികൾ രൂക്ഷമാണ്.
വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണു. മൂവാറ്റുപുഴ കോടതിയ്‌ക്ക് സമീപം പാര്‍ക്ക് ചെയ്‌തിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കാര്‍ പാര്‍ക്ക് ചെയ്‌തതിന് സമീപത്തെ മണ്‍തിട്ടയില്‍ നിന്ന് വലിയ പാറക്കല്ലുകള്‍ ഉള്‍പ്പടെയുള്ളവ കാറിന്‍റെ മുന്‍ ഭാഗത്തേക്ക് പതിക്കുകയായിരുന്നു.
കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ സമയം കാറിൽ ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ജില്ലയിൽ ഇന്നും നാളെയും (ജൂലൈ 04,05) ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.
മരക്കൊമ്പാടിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് പരിക്ക് :ഇന്നലെയുണ്ടായ (ജൂലൈ 3) ശക്തമായ കാറ്റിനെ തുടര്‍ന്ന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ മരത്തിന്‍റെ കൊമ്പൊടിഞ്ഞ് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ബോള്‍ഗാട്ടി സ്വദേശിയായ തേലക്കാട്ടുപറമ്പില്‍ സിജുവിന്‍റെ മകന്‍ അലനാണ് (10) പരിക്കേറ്റത്. ആസ്റ്റര്‍ മെഡിസിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അലന്‍. കാലവര്‍ഷത്തിന് മുന്നോടിയായി സ്‌കൂള്‍ ഗ്രൗണ്ടിലെ അപകടാവസ്ഥയിലുള്ള മരക്കൊമ്പുകള്‍ മുറിച്ച് നീക്കാത്തതാണ് അപകടത്തിന് കാരണമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി:കനത്ത മഴമുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടുണ്ടായില്ല :കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ കനത്ത മഴയാണ് ലഭിച്ചതെങ്കിലും സാധാരണ കാണാറുള്ള വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ജില്ല ഭരണകൂടവും കോർപറേഷനും നടത്തിയ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഫലം കൂടിയാണിത്. ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പടുത്തിയിട്ടുണ്ട്.
പൊലീസ് സ്റ്റേഷനുകള്‍ സജ്ജം:കാലാവസ്ഥ കേന്ദ്രങ്ങളുടെ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഒരുക്കങ്ങള്‍ സജ്ജമായി. ഇതിന്‍റെ ഭാഗമായി ജില്ല പൊലീസ് ആസ്ഥാനത്ത് മൺസൂൺ കൺട്രോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.
സ്റ്റേഷനുകളിലെ സംവിധാനങ്ങൾ ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. വെള്ളം കയറുന്ന അവസ്ഥയുണ്ടായാല്‍ നേരിടുന്നതിന് ജില്ല പൊലീസ് ആസ്ഥാനത്ത്, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. ഇതിനായി സ്റ്റേഷനുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
മുൻ വർഷത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുരന്ത സാധ്യത മേഖലകളില്‍ നിന്നുള്ള ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട കേന്ദ്രങ്ങളുടെ പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് തയാറാക്കി. എമർജൻസി ലൈറ്റ്, പമ്പ് സെറ്റ്, ടോർച്ച്, ലൈഫ് ജാക്കറ്റ്, അസ്ക്ക ലൈറ്റ്, വടം എന്നിവ ഒരുക്കിയിട്ടുണ്ട്.
ജാഗ്രത പാലിക്കണം :മഴക്കാലത്ത് ജലാശയങ്ങളുടെ സമീപത്ത് നിന്നുള്ള സെൽഫിയെടുക്കൽ ഒഴിവാക്കണം. ശക്തമായ മഴയെ തുടര്‍ന്ന് പുഴകളിലെ ജലനിരപ്പ് ഉയരാനും കുത്തൊഴുക്കുണ്ടായി ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് പുഴയിലിറങ്ങുന്നത് ഒഴിവാക്കുക. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നവര്‍ ശ്രദ്ധിക്കണം. മഴക്കാല മോഷ്‌ടാക്കള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. മഴയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് പൊലീസിന്‍റെ സഹായം ലഭ്യമാകാന്‍ കൺട്രോൾ റൂമിലെ 9497 980500 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.