എറണാകുളം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകർക്ക് കുടിശ്ശിക വരുത്തിയ സംഭവത്തില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി.(High Court Involved School Lunch Scheme) കേന്ദ്രസർക്കാർ അധികഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ സ്‌കീം നിർത്തൂ എന്നും, ഒന്നുകിൽ ഉച്ച ഭക്ഷണം പദ്ധതിയുടെ തുക നൽകുന്നതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. അതല്ലെങ്കിൽ കേന്ദ്രസർക്കാർ ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നിൽക്കൂ എന്നുമായിരുന്നു സംസ്ഥാന സർക്കാരിന് നേരെ ജസ്റ്റിസ് ടി ആർ രവിയുടെ വിമർശനം.
കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ തുക നൽകില്ലെന്നാണോ പറയുന്നതെന്നും സർക്കാരിനോട് കോടതി വിമർശന സ്വരത്തിൽ ചോദ്യമുന്നയിച്ചു. 2012ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രധാന അധ്യാപകർക്ക് മുൻകൂർ തുക നൽകണം. സർക്കാർ ബജറ്റ് ചെയ്‌തിരിക്കുന്ന തുകയിൽ നിന്ന് ഇത് നൽകേണ്ടതാണെന്നും കോടതി പറഞ്ഞു.
വിഷയം ഹൈക്കോടതി അടുത്ത തിങ്കളാഴ്‌ച (16-10-2023) വീണ്ടും പരിഗണിക്കും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് ക്യത്യമായി നൽകാതെ വന്നതോടെ സ്‌കൂളുകളിലെ പ്രധാനധ്യാപകർ സ്വന്തം കയ്യിൽ നിന്നും പണം എടുക്കേണ്ടി വന്നു. പലരും കടക്കെണിയിലാക്കിയതിനെ തുടർന്ന് വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് അധ്യാപക സംഘടനയായ കെപിഎസ്‌ടിഎ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേ സമയം സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശിക തുകയുടെ ഭാഗമായി 55.16കോടി രൂപ നൽകാൻ ഉത്തരവിറക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ അത്രയും തുക കൊണ്ട് നിലവിലെ കുടിശ്ശിക അടച്ച് തീർക്കാൻ സാധിക്കുമോ എന്ന് കോടതി സർക്കാരിനോടു ചോദിച്ചു. കുടിശ്ശിക തീർക്കാൻ ആവശ്യമെങ്കിൽ കൂടുതൽ തുക നൽകണമെന്നും കോടതി പറഞ്ഞു.
കുടിശ്ശിക തീർക്കുന്നത് അധ്യാപകരുടെ ബാധ്യതയല്ലന്നും കോടതി പറഞ്ഞു. കേന്ദ്ര വിഹിതം വൈകിയതാണ് കുടിശ്ശിക വൈകാൻ കാരണമെന്ന് നേരത്തെ സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര വിഹിതമായ 132.9 കോടി രൂപ കേരളത്തിനു നേരത്തെ നൽകിയെന്ന് മറുപടിയായി കേന്ദ്രം പറഞ്ഞു.