കൊച്ചി: ജോലിക്കായി കൊച്ചിയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ കുട്ടികളുടെ സ്‌കൂൾ പഠനം ലക്ഷ്യമിട്ടാണ് എറണാകുളം ജില്ലയിൽ റോഷ്‌നി പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലാ കലക്‌ടർ മുഹമ്മദ് വൈ സഫറുള്ളയാണ് പദ്ധതിക്ക് മുൻകയ്യെടുത്തത്. നാല് സ്‌കൂളുകളിൽ 120 കുട്ടികൾക്കായാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ പദ്ധതിയുടെ കീഴില്‍ നാല് സ്‌കൂളുകളിലായി 1300 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. സമൂഹത്തിന്‍റെ ഏറ്റവും താഴേക്കിടയിലുള്ള ജനങ്ങൾക്ക് ഗുണഫലങ്ങൾ എത്തുമ്പോൾ മാത്രമേ വികസനം യാഥാർഥ്യമാകൂവെന്ന് റോഷ്‌നി പദ്ധതി അവലോകന യോഗത്തിൽ കലക്‌ടർ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരും വികസനത്തിന്‍റെ ഭാഗമാകണം. എല്ലാവർക്കും തുല്യ അവകാശവും അവസരവും ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും അക്ഷര വെളിച്ചം
നാല് സ്‌കൂളുകളിൽ 120 കുട്ടികൾക്കായി ആരംഭിച്ച റോഷ്‌നി പദ്ധതി നിലവിൽ 1300 വിദ്യാർഥികളായി വ്യാപിച്ചിരിക്കുകയാണ്.
പ്രതിബദ്ധത ഉണ്ടെങ്കിൽ ഏത് പദ്ധതിയും വിജയിപ്പിക്കാം എന്നതിന് ഉദാഹരണമാണ് ജില്ലയിൽ നടപ്പാക്കിയ റോഷ്‌നി, നുമ്മ ഊണ്, പുതുയുഗം പദ്ധതികളെന്നും കലക്‌ടർ ഓർമിപ്പിച്ചു. രണ്ട് സ്ഥലങ്ങളിലായി 80 കൂപ്പണുകളോടെ ആരംഭിച്ച നുമ്മ ഊണ് പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ കഴിഞ്ഞതും പുതുയുഗം പദ്ധതി 400 വിദ്യാർഥികളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞതും ജില്ലാ കലക്‌ടറുടെ ഇടപെടൽ കൊണ്ടാണന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജില്ലാ കലക്‌ടർ സ്ഥാനത്ത് നിന്നും മാറ്റംകിട്ടിയ മുഹമ്മദ് വൈ സഫറുള്ളക്ക് റോഷ്‌നി പദ്ധതി അവലോകന യോഗത്തിൽ യാത്രയപ്പ് നൽകി.