എറണാകുളം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ച ബാനറിൽ സവർക്കറുടെ ചിത്രം ഉൾപ്പെട്ടതിൽ നടപടി. ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെ സസ്‌പെൻഡ് ചെയ്‌തു. സംഭവം വിവാദമായതോടെയാണ് കോൺഗ്രസ് നടപടി.
ആർ.എസ്.എസ് നേതാവ് സവർക്കറിന്‍റെ ഫോട്ടോ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറിൽ ഇടംപിടിച്ചത് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ചെങ്ങമനാട് പഞ്ചായത്തിലെ അത്താണിയിലാണ് പ്രവർത്തകർക്ക് അമിളി സംഭവിച്ചത്. കോൺഗ്രസിന്‍റെ ബ്ലോക്ക് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വ്യക്തിയുടെ നേതൃത്വത്തിലാണ് ബാനർ സ്ഥാപിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.