എറണാകുളം :എൻസിപിക്ക് വനം വകുപ്പ് ലഭിച്ചതിൽ പൂർണ സംതൃപ്തിയെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.സി ചാക്കോ. സംസ്ഥാന അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് മാറ്റത്തിൽ തെറ്റില്ല. മെച്ചപ്പെട്ട വകുപ്പാണ് എൻസിപിയ്ക്ക് ലഭിച്ചത്. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണ്. കഴിഞ്ഞ തവണ കൈകാര്യം ചെയ്ത ഗതാഗത വകുപ്പ് അത്ര പ്രധാനപ്പെട്ട വകുപ്പായി ആരും പരിഗണിച്ചിട്ടില്ല. ശശീന്ദ്രൻ തന്നെ അഞ്ച് വർഷവും മന്ത്രിയായി തുടരും. ശശീന്ദ്രനെ മന്ത്രിയാക്കിയതിൽ അഭിപ്രായ വ്യത്യാസമില്ല. ഇന്നലെ പതിനെട്ട് ഭാരവാഹികളുമായി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ആശയ വിനിമയം നടത്തിയിരുന്നു.
വനം വകുപ്പ് ലഭിച്ചതിൽ സംതൃപ്‌തിയെന്ന് പി.സി ചാക്കോ - Satisfaction with Forest Department
ഏത് വകുപ്പായാലും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിലാണ് പ്രസക്തി. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന രാഷ്ട്രീയ നിലപാടാണ് എൻസിപി സ്വീകരിക്കുന്നത്.
പൊതുവായ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയത്. വകുപ്പിന്‍റെ കാര്യത്തിൽ പ്രത്യേകമായി ആവശ്യം ഉന്നയിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഏത് വകുപ്പായാലും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിലാണ് പ്രസക്തി. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുകയെന്ന രാഷ്ട്രീയ നിലപാടാണ് എൻസിപി സ്വീകരിക്കുന്നത്. മാണി സി കാപ്പനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ചയില്ല.
എൽഡിഎഫിൽ തുടരണമെന്ന എൻസിപി നിലപാടിന് വിരുദ്ധമായാണ് കാപ്പൻ പ്രവർത്തിച്ചതെന്നും പി.സി.ചാക്കോ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് എൻസിപി സംസ്ഥാന പ്രസിഡന്‍റായി പി.സി.ചാക്കോയെ ദേശീയ പ്രസിഡന്‍റ് ശരത് പവാർ നിയമിച്ചതായി ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ അറിയിച്ചത്. കോൺഗ്രസ് വക്താവായിരുന്ന പി.സി.ചാക്കോ നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നത്. മുൻമന്ത്രിയായ അദ്ദേഹം ജെപിസി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.