നടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴിക കല്ലുകളിൽ ഒന്നാണ് 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ (Oru Vadakkan Veeragatha). എംടിയുടെ അക്ഷരങ്ങൾക്ക് ദൃശ്യഭാഷ ഒരുക്കിയത് ഹരിഹരനായിരുന്നു. സിനിമയിലെ കഥാപാത്രമായ ചന്തുവിന്‍റെ സംഭാഷണങ്ങൾ ഓർത്തിരിക്കാത്ത മലയാളിയില്ല.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇരുമ്പാണി തട്ടി മുളയാണി വച്ച് എന്ന് തുടങ്ങുന്ന സിനിമയിലെ സംഭാഷണം പറഞ്ഞു നോക്കാത്തവരായും ആരും തന്നെ ഇല്ല. ചിത്രത്തിലെ സംഭാഷണങ്ങൾ ഒരു സാധാരണ പ്രേക്ഷകർ എന്ന രീതിയിൽ ശ്രദ്ധിച്ചാൽ മനസിലാകുന്ന ഒരു വസ്‌തുതയുണ്ട്. എംടിയുടെ ഭാഷ ഏതൊരു അഭിനേതാവിനും എളുപ്പം വഴങ്ങുന്നതല്ല. ടൺ കണക്കിന് ഭാരമുള്ള വാക്കുകളെ ഒരു യോദ്ധാവിനെ പോലെ പൂവ് പൊട്ടിക്കുന്ന ലാഘവത്തിൽ മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചു.
അതുകൊണ്ടുതന്നെയാണ് അദ്ദേഹം പകരം വയ്ക്കാൻ ഇല്ലാത്ത നടന്മാരിൽ ഒരാളായി മലയാള സിനിമയെ സംബന്ധിച്ച് മാറിയതും. ഒരു വടക്കൻ വീരഗാഥയുടെ തിരക്കഥ ആദ്യമായി എംടിയിൽ നിന്ന് കൈപ്പറ്റുമ്പോൾ ഏതൊരു സാധാരണക്കാരനെ പോലെ മമ്മൂട്ടിയും പകച്ചിരുന്നുവെന്ന് നടൻ സത്യൻ അന്തിക്കാട് വെളിപ്പെടുത്തി (Sathyan Anthikad reveals Mammootty s trick to grasping dialogues). കടുകട്ടിയുള്ള സംഭാഷണങ്ങൾ ഹൃദ്യസ്ഥമാക്കാൻ ബുദ്ധിമുട്ടായിരുന്നത് കൊണ്ട് തന്നെ അതൊക്കെ മനപാഠമാക്കാൻ മമ്മൂട്ടി ഒരു തന്ത്രം കണ്ടുപിടിച്ചു.