കേരളം

kerala

ETV Bharat / state

ബിജെപി അനുകൂല പ്രസ്‌താവന: ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ വിമര്‍ശിച്ച് സത്യദീപം വാരിക - latest news in kerala

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല രാഷ്‌ട്രീയ നിലപാടുകളെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ സത്യദീപം മുഖപത്രം. ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ മോദിയെ പ്രാര്‍ഥന ഗീതം കേള്‍പ്പിച്ച് മടക്കിയ സഭ നേതൃത്വം കുറ്റക്കാരെന്നും സത്യദീപം.

ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ വിമര്‍ശിച്ച് സത്യദീപം
ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ വിമര്‍ശിച്ച് സത്യദീപം

By

Published : Apr 12, 2023, 10:41 PM IST

എറണാകുളം: സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല പ്രസ്‌താവനയെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. വിചാരധാരയോ, വചനധാരയോ എന്ന ശീർഷകത്തിലാണ് സത്യദീപം വാരികയുടെ എഡിറ്റോറിയല്‍ പേജിലെ പരാമര്‍ശം. ബിഷപ്പുമാരുടെ ബിജെപി അനുകൂല നിലപാടുകൾക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഗോള്‍ വാര്‍ക്കറുടെ 'വിചാരധാര'യില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും, മുസ്‌ലിങ്ങളും, കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍ സഭ നേതൃത്വത്തിന്‍റെ വിചാരധാരയില്‍ അടിയന്തര മാറ്റമുണ്ടായതിന്‍റെ അടിസ്ഥാനം എന്തെന്നതില്‍ വിശ്വാസികള്‍ അത്ഭുതപ്പെടുകയാണെന്ന് സത്യദീപം വാരികയുടെ മുഖപത്രത്തില്‍ പറയുന്നു. ക്രൈസ്‌ത സമൂഹത്തിനെതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കര്‍ദിനാളിന്‍റെ പരാമര്‍ശം സമകാലിക ക്രിസ്ത്യന്‍ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവത്കരിക്കുന്ന പ്രസ്‌താവനയായി വിമർശനമുയരുകയാണ്.

2023 ഫെബ്രുവരി 20-ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ ജനസാന്ദ്രമായതെന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്ന് പോയതാകുമെന്നും സത്യദീപം പരിഹസിക്കുന്നു. 2022-ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്‌തവര്‍ക്കെതിരെ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്‍റെ കണ്ടെത്തല്‍. ഛത്തീസ്‌ഗഡിലെ നാരായണ്‍പൂരില്‍ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവ രൂപതയിലെ വിവിധ പള്ളികളില്‍ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധവാരാചാരണം പൂര്‍ത്തിയാക്കിയത്.

മതംമാറ്റ നിരോധന നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്‌തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ടന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് സമ്പൂര്‍ണാധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് ഇപ്പോള്‍ കരുതാനാകില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിക്കുമ്പോഴും കേരളത്തിന് പുറത്ത് ക്രൈസ്‌തവര്‍ക്ക് കാര്യങ്ങള്‍ ശുഭകരമല്ലെന്ന് തന്നെയാണ് വസ്‌തുതകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് ക്രൈസ്‌തവരെ അടിച്ചമര്‍ത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കൊണ്ട് കോടതി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന വാര്‍ത്ത ഇതിനോട് ചേര്‍ത്ത് വായിക്കണം. ആള്‍ക്കൂട്ടാക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി തേടുകയുണ്ടായി.

ഛത്തീസ്‌ഗഡില്‍ മാത്രം 600 അതിക്രമങ്ങള്‍ നടന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാര്‍ഥന സമ്മേളനങ്ങള്‍ തടസപ്പെടുത്തിയും വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തും അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യം അതീവ ഗുരുതരമെന്നാണ് ഹര്‍ജിയിലുള്ളത്. വിദ്വേഷ പ്രസംഗങ്ങള്‍ തുടരുന്ന നേതാക്കളെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ല.

കര്‍ണാടക സര്‍ക്കാര്‍ 2023-ല്‍ പാസാക്കിയ മതം മാറ്റ നിരോധന നിയമം ആര്‍ട്ടിക്കിള്‍ 25ന്‍റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ച്ച് ബിഷപ്പ് കോടതിയിലെത്തിയത്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതം പ്രസംഗിക്കാനോ, പ്രചരിപ്പിക്കാനോ അനുവദിക്കാത്ത വകുപ്പുകള്‍ കൊണ്ട് സമൃദ്ധമായ പ്രസ്‌തുത നിയമം പാവങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്‌താലും അതെല്ലാം മതം മാറ്റ നിരോധനത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയെന്നത് പിന്‍വലിക്കണമെന്നാണ് ആര്‍ച്ച് ബിഷപ് മച്ചാഡോയുടെ ആവശ്യം.

ഭാരതീയ കതോലിക്ക സഭയിലെ ഉത്തരവാദിത്തപ്പെട്ട ആര്‍ച്ച് ബിഷപ്പ് നയിക്കുന്ന അതീവ ഗുരുതരമായ ഇത്തരം ആശങ്കകളെ അവഗണിച്ച് കൊണ്ട് ഇന്ത്യയില്‍ ക്രൈസ്‌തവര്‍ സുരക്ഷിതരാണെന്ന് കര്‍ദിനാള്‍ പറയുമ്പോള്‍ സുരക്ഷിതത്വത്തിന്‍റെ അര്‍ഥവും അത് ഏതാനും പേരുടെ മാത്രമെന്ന അനര്‍ഥവും തമ്മില്‍ വല്ലാതെ കൂടിക്കുഴയുന്നുണ്ട്. ഇക്കാര്യത്തില്‍ അഖിലേന്ത്യ മെത്രാന്‍ സമിതിയുടെ നിലപാട് എന്തെന്ന് അറിയാന്‍ താത്‌പര്യമുണ്ടെന്നും സത്യദീപത്തിന്‍റെ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്. മത രാജ്യമായി മാറിപ്പോകാമായിരുന്ന ഭാരതത്തെ മതേതര രാജ്യമായി പുതുക്കിപ്പണിത നെഹ്‌റുവിയന്‍ കാലത്തെ അവഗണിച്ച് കൊണ്ട് ഹൈന്ദവികതയെ തീവ്രദേശീയതയായി മാറ്റിപ്പണിയുന്ന മോദികാലം ക്ഷേത്ര നിര്‍മാണത്തെ രാഷ്ട്ര നിര്‍മാണമായി അവതരിപ്പിക്കുകയാണന്ന രൂക്ഷ വിമർശനവും സത്യദീപം ഉന്നയിക്കുന്നു. സവര്‍ക്കറുടെ 'ആരാണ് ഹിന്ദു'വെന്ന ചോദ്യത്തിന് 'ഇന്ത്യയെ മാതൃരാജ്യമായും പുണ്യസ്ഥലമായും പരിഗണിക്കുന്നയാള്‍' എന്ന ഉത്തരത്തിനുള്ളില്‍ ഹിന്ദുത്വവും ദേശീയതയും ഒന്നായുള്ളടങ്ങുന്നുവെന്ന അപകടമുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും ക്രിസ്ത്യന്‍ വീടുകളിലും അരമനകളിലും ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമല്ലായിരുന്നുവെന്ന് സമര്‍ഥിക്കുമ്പോഴും സന്ദര്‍ശനത്തിലെ രാഷ്ട്രീയം മതേതര കേരളത്തിന് മനസിലാകുന്നുണ്ട്. വിരുന്ന് വന്നവരോട് സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടതെങ്ങനെയെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നതെന്തുകൊണ്ടെന്നും ചോദിക്കാതെ തങ്ങളുടെ 'രാഷ്ട്രീയ മര്യാദ' മെത്രാന്മാര്‍ കാണിച്ചു.

ക്രൈസ്‌തവര്‍ക്കെതിരെ രാജ്യത്താകെ പെരുകുന്ന ആള്‍ക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ പ്രാര്‍ഥാനാഗീതം കേള്‍പ്പിച്ച് മടക്കിയ സഭ നേതൃത്വം അതേ കുറ്റത്തില്‍ നിശബ്‌ദ പങ്കാളിയായെന്നും സത്യദീപം വ്യക്തമാക്കുന്നു. ഏകശിലാത്മകമായ ഭൂരിപക്ഷാധിത്യം ഏകാധിത്യ പ്രവണതകളോടെ ഭാരതത്തില്‍ ചുവടുറപ്പിക്കുന്ന പുതിയ കാലത്ത് ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകട സാധ്യതകളെ കുറിച്ച് പുറത്ത് പറയുകയെന്ന ഉത്തരവാദിത്വം നിസാര നേട്ടങ്ങള്‍ക്ക് വേണ്ടി നിറവേറ്റാതിരുന്നാല്‍ കാലം മാപ്പ് തരില്ല. സഭ നേതൃത്വം ഇത് മറന്ന് പോകരുതെന്ന മുന്നറിയിപ്പും സത്യദീപം നൽകുന്നുണ്ട്.

ABOUT THE AUTHOR

...view details