കൊച്ചി:തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതി സരിത്തിനെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോടതി സമയം കഴിഞ്ഞതിനാൽ മജിസ്ട്രേറ്റിന്‍റെ വസതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ റിമാന്‍ഡ് ചെയ്തു - remanded
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്
![സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ റിമാന്‍ഡ് ചെയ്തു സ്വര്‍ണക്കടത്ത് കേസ് സരിത്തിനെ റിമാഡ് ചെയ്തു തിരുവനന്തപുരം വിമാനത്താവളം യുഎഇ കോൺസുലേറ്റ് സ്വപ്‌ന സുരേഷ് Sarith remanded gold smuggling case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7922877-20-7922877-1594087557797.jpg)
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണർ ഓഫീസിലെത്തിച്ച് ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സരിത്തിന് മറ്റ് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടില്ലന്ന് കസ്റ്റംസ് അസി. കമ്മിഷണർ ലാലു പി.ജി പറഞ്ഞു. ചോദ്യം ചെയ്യലുമായി പ്രതി സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരനായ സരിത്ത് പി.ആർ.ഒ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഒരു തവണ സ്വർണം കടത്തിയാൽ ലക്ഷങ്ങളാണ് ഇടപാടുകാരിൽ നിന്ന് സരിത്തിന് ലഭിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി. സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ.എസ്.ഐ.ടി.ഐ. എൽ ജീവനക്കാരിയും മുൻ കോൺസുലേറ്റ് ജീവനക്കാരിയുമായ സ്വപ്‌ന സുരേഷാണ് തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രക. സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പങ്ക് വ്യക്തമായത്. ഒളിവിൽ പോയ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്‍റെ യഥാർഥ ചിത്രം വ്യക്തമാകും. നയതന്ത്ര പരിരക്ഷ ലഭിക്കുന്ന ബാഗേജ് വഴി യുഎഇയിൽ നിന്നും കടത്തിയ മുപ്പത് കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.