എറണാകുളം:മുട്ടാർ പുഴയിൽ മുങ്ങി മരിച്ച 13കാരിയുടെ മരണത്തിൽ പ്രതിയായ പിതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് പ്രതിയായ പിതാവ് സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴിനൽകിയിരുന്നു.
മകളെ പുഴയിൽ തളളി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ മകളെ പുഴയിലേക്ക് തള്ളിയിട്ട ശേഷം ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ കാറുമായി സംഭവ സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താൻ ആത്മഹത്യ ചെയ്താൽ മകൾക്ക് ആരുമുണ്ടാകില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും സനു മോഹൻ മൊഴി നൽകി. അതേസമയം മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.