എറണാകുളം:76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂര്‍ണമെന്റിനായുളള കേരള ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ കേരളം വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഗോള്‍കീപ്പർ മിഥുൻ വിയുടെ നേതൃത്വത്തിലുള്ള 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 16 പേരും പുതുമുഖങ്ങളാണ്.
കഴിഞ്ഞതവണ സന്തോഷ് ട്രോഫി നേടിയ ടീമിലെ മൂന്ന് പേർ മാത്രമാണ് ഇത്തവണത്തെ ടീമിലുള്ളത്. കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി താരങ്ങളിൽ ഭൂരിപക്ഷം പേരും ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങളിൽ കളിക്കുകയാണ്. ഇതോടെയാണ് കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചതെന്നും കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.അനില്‍കുമാര്‍ പറഞ്ഞു.
പുതുമുഖങ്ങളും സീനിയേഴ്സും അടങ്ങുന്ന നല്ലൊരു ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് നായകൻ മിഥുൻ അഭിപ്രായപ്പെട്ടു. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. മിസോറാം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രാഥമിക ഗ്രൂപ്പ് മത്സരത്തിൽ ശക്തമായ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മിഥുൻ കൂട്ടിച്ചേർത്തു.
തന്റെ എട്ടാം സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലാണ് കേരളത്തെ നയിക്കാനുള്ള അവസരം മിഥുനിന് ലഭിക്കുന്നത്. 2017ലും 2022ലും കിരീടം നേടിയ ടീമിലെ അംഗമായിരുന്നു മിഥുൻ. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിലെ മൂന്ന് പേര് (മിഥുന്, വിഗ്നേഷ് എം, നിജോ ഗില്‍ബെര്‍ട്ട്) മാത്രമാണ് ഇത്തവണ ടീമിലുള്ളത്.