എറണാകുളം:ഇഡി സ്വത്ത് കണ്ട് കെട്ടൽ നടപടി ചോദ്യം ചെയ്തുള്ള സാന്റിയാഗോ മാർട്ടിന്റെ അപ്പീൽ ഹൈക്കോടതി തള്ളി (Santiago Martins Appeal). ഇഡി നടപടിയ്ക്കെതിരായ ഹർജി നേരത്തെ സിംഗിൾ ബഞ്ചും തള്ളിയിരുന്നു. പരാതി പരിഹാരത്തിന് പിഎംഎൽഎ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റിയെ സമീപിക്കാനായിരുന്നു സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചും ശരി വച്ചു.
910 കോടിയുടെ സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടി ചോദ്യം ചെയ്തായിരുന്നു സാന്റിയാഗോ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള നടപടി ചോദ്യം ചെയ്യാൻ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി, ട്രൈബ്യൂണൽ അടക്കം ത്രിതല സംവിധാനമുണ്ടെന്നും ഇത് മറികടന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതെന്നുമുള്ള ഇഡി വാദം കണക്കിലെടുത്താണ് കോടതി അപ്പീൽ തള്ളിയത്.
ഹർജിക്കാരനോട് പിഎംഎൽഎ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റിക്ക് മുൻപിൽ ഹാജരായി വിശദീകരണം നൽകാൻ നേരത്തെ സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിരുന്നു. ഈ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. വിൽക്കാത്ത ലോട്ടറി ടിക്കറ്റുകൾ വിറ്റുവെന്ന് ചൂണ്ടിക്കാട്ടി നികുതി വെട്ടിപ്പ് നടത്തി കോടികളുടെ ക്രമക്കേട് സാന്റിയാഗോ മാർട്ടിൻ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. രാജ്യ വ്യാപകമായി 2016 മുതൽ 2023 വരെയുള്ള കാലയളവിലാണ് സ്വത്ത് കണ്ട് കെട്ടിയത്.
രാജ്യത്തെ വിവിധ കേസുകളിൽ ഇഡി കൊച്ചി യൂണിറ്റാണ് കണ്ട് കെട്ടൽ നടപടി ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലായിരുന്നു സാന്റിയാഗോ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചത്.