എറണാകുളം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവ് സി. സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കാര്യാലയത്തിൽ ഏഴ് മണിക്കൂറാണ് ഇയാളെ ചോദ്യം ചെയ്‌തത്. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യണമോ എന്ന കാര്യത്തിൽ കസ്റ്റംസ് സംഘം തീരുമാനമെടുക്കും.
സ്വർണക്കടത്തുമായി ബന്ധമില്ലെന്നും അർജുൻ ആയങ്കിയുടെ ഇടപാടുകളെ കുറിച്ച് അറിയില്ലന്നുമാണ് സജേഷ് കസ്റ്റംസിന് മൊഴി നൽകിയത്. അർജുന് വാഹന ലോൺ ലഭിക്കാത്തതിനെ തുടർന്നാണ് തന്‍റെ പേരിൽ വാഹനമെടുത്തത്.
ഇത് സ്വന്തം പേരിലേക്ക് മാറ്റാൻ അർജുൻ ആയങ്കിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാറ്റാൻ അര്‍ജുന്‍ തയ്യാറായില്ലെന്നും സജേഷ് മൊഴി നൽകി.
Read More:കരിപ്പൂർ സ്വർണക്കടത്ത്; ചുരുളഴിക്കാൻ കസ്റ്റംസ്
മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസിന്‍റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സജേഷിനെ നോട്ടിസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്‌തത്.
രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ട സജേഷ് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് ഓഫീസിൽ നിന്ന് മടങ്ങിയപ്പോഴും മാധ്യമങ്ങളെ കബളിപ്പിച്ച് ഇരുചക്ര വാഹനത്തിലാണ് മടങ്ങിയത്.