എറണാകുളം:ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് സൈബി ജോസ് കിടങ്ങൂരിനോട് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്നും സൈബി കോടതിയിൽ ഉറപ്പും നൽകി. കേസിൽ തത്‌കാലം അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വാക്കാൽ വ്യക്തമാക്കുകയും ചെയ്‌തു.
നിലവിൽ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നുമാണ് സർക്കാർ അറിയിച്ചത്. അതേസമയം കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തു വരേണ്ടതാണെന്നും കോടതി ഓർമിപ്പിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.