എറണാകുളം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗ നിർദേശങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. കൊച്ചിയിൽ ട്രെയിനിൽ യുവതി ആക്രമണത്തിനിരയായ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകിയത്.
സുരക്ഷയുടെ ചുമതലയുള്ള റെയിൽവേ ഉദ്യോഗസ്ഥനും സംസ്ഥാന പൊലീസ് ഡിജിപിയും കൂടിയാലോചിച്ച് ശുപാർശകൾ തയ്യാറാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും ആറാഴ്ചയ്ക്കകം സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ട്രെയിനിനകത്തെ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുത്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.