എറണാകുളം: ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നിയമസഭയിൽ ട്വന്‍റി ട്വന്‍റി മത്സരിക്കാൻ തയ്യാറായതെന്ന് ട്വന്‍റി ട്വന്‍റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. നിയമസഭാ തെരെഞ്ഞെടുപ്പിൽ ട്വന്‍റി ട്വന്‍റിക്ക് ജയിച്ചേ മതിയാകൂവെന്ന വാശിയില്ല. ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം മുന്നിൽ നിൽക്കാൻ തയ്യാറാണ്. നിലവിലുള്ള സംവിധാനങ്ങൾ മതിയെന്ന് ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ അംഗീകരിക്കാൻ തയ്യാറാണെന്നും സാബു ജേക്കബ് പറഞ്ഞു.
ജനങ്ങളുടെ ആവശ്യപ്രകാരമാണ് നിയമസഭയിൽ ട്വന്‍റി ട്വന്‍റി മത്സരിക്കുന്നതെന്ന് സാബു ജേക്കബ് ജനങ്ങൾ തിരസ്കരിക്കുകയാണെങ്കിൽ വിരോധമില്ല. പഞ്ചായത്തിൽ മത്സരിച്ച മാതൃകയിൽ ഒരു പ്രകടനപത്രികയില്ലാതെയാണ് ട്വന്‍റി ട്വന്‍റി നിയമസഭാ തെരെഞ്ഞെടുപ്പിലും മത്സരിക്കുന്നത്. വികസിത രാജ്യങ്ങൾക്ക് സമാനമായ ആധുനിക കേരളം, അഴിമതിയില്ലാത്ത ഭരണം, എല്ലാം കുടുംബങ്ങിലും സമാധാനം, സന്തോഷം, സുരക്ഷിതത്വവുമാണ് സംഘടനയുടെ ലക്ഷ്യം. കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടത്. സമയക്കുറവ് കൊണ്ടാണ് എറണാകുളം ജില്ലയിൽ മാത്രം മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളോട് എതിർപ്പ് ഉള്ളതിനാലാണ് ട്വന്‍റി ട്വന്‍റി പ്രസ്ഥാനം രൂപീകരിച്ചത്. അതിനാൽ നിലവിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും സഹകരിക്കില്ല. സംഘടന രൂപീക്രിതമായത് മുതൽ കോർപ്പറേറ്റ് വൽക്കരണമെന്ന ആരോപണം കേൾക്കുകയാണ്. താനൊരു വ്യവസായി ആയതിനാൽ എളുപ്പം ഉന്നയിക്കാവുന്ന ആരോപണം മാത്രമാണിത്. ഈ ആരോപണം ജനങ്ങൾ തള്ളി കളഞ്ഞുവെന്നതിന്‍റെ തെളിവാണ് കിഴക്കമ്പലം പഞ്ചായത്തിൽ നിന്നും അഞ്ച് പഞ്ചായത്തുകളിൽ കൂടി ട്വന്‍റി ട്വന്‍റി വളർന്നത്.
ജനങ്ങൾക്ക് പ്രസ്ഥാനത്തിലുണ്ടായ വിശ്വാസം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ജനങ്ങൾക്കുള്ള വിശ്വാസം നിയമസഭയിലും വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാബു എം.ജേക്കബ് ഇ ടി വി ഭാരതിനോട് പറഞ്ഞു. എറണാകുളം ജില്ലയിൽ പതിനാല് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ട്വന്‍റി ട്വന്‍റി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എട്ട് മണ്ഡലങ്ങളിൽ മാത്രമാണ് സംഘടന മത്സര രംഗത്തുള്ളത്.