എറണാകുളം:നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഫിറ്റ്നസ് റദ്ദാക്കി ഡ്രൈവറുടെ ലൈസൻസടക്കം ഉടനടി സസ്പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്.
നിയമവിരുദ്ധമായ ശബ്‌ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്‌സ് ,സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ വാഹനങ്ങൾ പിടിച്ചെടുക്കണം. പിടിച്ചെടുത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി ഡ്രൈവറുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യാനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.
നിയമലംഘനം നടത്തിയ വാഹനങ്ങൾ വിനോദയാത്രയ്ക്കായി ഉപയോഗിച്ചാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾക്കെതിരെയും നടപടി എടുക്കണം. ടൂർ ഇൻചാർജുമാരായ അധ്യാപകരടക്കം നടപടി നേരിടേണ്ടി വരും. കൂടാതെ ഇത്തരം കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ നടപടി എടുക്കാനും ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു.
എം.ഇ എസ് കോളജിൽ നിന്നും ടൂറിനു പോയ ബസ് പിടിച്ചെടുത്ത സംഭവത്തിൽ സ്വീകരിച്ച നടപടികളിന്‍മേല്‍ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി നിർദേശം നൽകി. വടക്കഞ്ചേരി അപകടം സംബന്ധിച്ച റിപ്പോർട്ടുകൾ മോട്ടോർ വാഹന വകുപ്പും പൊലീസും കോടതിയിൽ സമർപ്പിച്ചിരുന്നു.
ആലത്തൂർ ഡി.വൈ.എസ്.പി നേരിട്ട് കോടതിയിൽ ഹാജരായി. അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിച്ച വാഹനങ്ങൾ പൊതുനിരത്തിൽ ഇറങ്ങാൻ പാടില്ലെന്ന് കർശന നിർദേശം നൽകുകയായിരുന്നു. കേസ് ഒക്‌ടോബര്‍ 14 ന് വീണ്ടും പരിഗണിക്കും.