എറണാകുളം : തിരുവനന്തപുരം ശ്രീ ശാർക്കര ദേവീക്ഷേത്ര പരിസരത്തെ അനധികൃത ആർഎസ്‌എസ് കയ്യേറ്റത്തിനെതിരായ ഭക്തരുടെ ഹർജി പിന്തുണച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയും ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും ഹൈക്കോടതിയിൽ എതിർ സത്യവാങ്‌മൂലം സമർപ്പിച്ചു. ശ്രീ ശാർക്കര ദേവീക്ഷേത്രപരിസരത്ത് ആർഎസ്‌എസുകാർ അനധികൃതമായി മാസ് ഡ്രില്ലുകളും ആയുധ പരിശീലനവും നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ച് ഭക്തരും സമീപവാസികളും ഹർജി നൽകിയിരുന്നു.
തുടർന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്‌കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരോപണവിധേയരായ ആർഎസ്എസുകാർക്ക് നോട്ടീസ് നൽകി. കൂടാതെ ഭക്തരുടെ ഹർജിയിൽ ജൂൺ 20ന് സംസ്ഥാന സർക്കാരിന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും പ്രതികരണം തേടുകയും ചെയ്‌തു. ഇത് പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ, ക്ഷേത്രപരിസരത്ത് ആൾക്കൂട്ട അഭ്യാസങ്ങളും മറ്റ് ആയുധ പരിശീലനങ്ങളും നിരോധിച്ചുകൊണ്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇത് നടപ്പാക്കാനും കർശന നടപടി എടുക്കാനും ക്ഷേത്രഭരണം നടത്തുന്ന എല്ലാ ഉദ്യോഗസ്ഥരോടും നിർദേശിച്ചിട്ടിട്ടുണ്ടെന്നും പറയുന്നു.
also read :വെള്ളായണി ക്ഷേത്രത്തിലെ കൊടിതോരണങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾക്കോ ഭരണകൂടത്തിനോ ക്ഷേത്രകാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് ഹൈക്കോടതി
സർക്കുലർ തെറ്റിച്ചാൽ കർശന നടപടി : കൂടാതെ ഇതിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി ഉണ്ടാകുമെന്നും സത്യവാങ്‌മൂലത്തിൽ പറഞ്ഞു. റിട്ട് ഹർജി നൽകിയതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞതായി ദേവസ്വം സെക്രട്ടറി ഉറപ്പ് നൽകി. കൂടാതെ അനധികൃത പ്രവേശനം തടയാൻ ക്ഷേത്രത്തിൽ ഗേറ്റ് സ്ഥാപിക്കണമെന്ന അപേക്ഷ പരിശോധിക്കുകയാണെന്നും ദേവസ്വം അറിയിച്ചു. അതേസമയം ക്ഷേത്രത്തിൽ മാസ് ഡ്രില്ലും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ ആർഎസ്എസുകാർക്കെതിരെ നടപടി സ്വീകരിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ഹൈക്കോടതിയെ അറിയിച്ചു. നടപടി എടുത്തതിന് പിന്നാലെ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
സർക്കുലറിൽ ഒതുങ്ങാത്ത ആർഎസ്‌എസ് : 2016ലാണ് ക്ഷേത്ര പരിസരങ്ങളില്‍ കായിക പരിശീലനം തടഞ്ഞു കൊണ്ടുള്ള സര്‍ക്കുലര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദ്യം പുറത്തിറക്കിയതെന്ന് ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്തഗോപന്‍ രണ്ട് മാസം മുൻപ് പറഞ്ഞിരുന്നു. എന്നാൽ 2021ൽ സർക്കുലർ വീണ്ടും പുതുക്കിയെങ്കിലും ഇത് നിലനിൽക്കെ തന്നെ പല ക്ഷേത്രപരിസരങ്ങളിലും ആർഎസ്‌എസ് കായിക പരിശീലനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ സർക്കുലർ ഈ വർഷം വീണ്ടും പുതുക്കിയിതായായി അദ്ദേഹം അറിയിക്കുകയായിരുന്നു. സർക്കുലർ ഇറക്കിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
also read :'സര്‍ക്കുലറില്‍ പുതുമയില്ല, നിലവിലുള്ളത് പുതുക്കുക മാത്രമാണ് ചെയ്‌തത്': ക്ഷേത്രവളപ്പുകളിൽ ആർഎസ്‌എസ് ശാഖ പാടില്ലെന്ന ഉത്തരവില്‍ വിശദീകരണം