നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇന്നുണ്ടായത്. ദേവികുളം, ഗുരുവായൂർ, തലശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലശേരിയിലെ ബിജെപി സ്ഥാനാർഥി എൻ ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്‌മി എന്നിവരുടെ പത്രിക കഴിഞ്ഞ ദിവസം വരാണാധികാരി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരം ഹർജികളില്‍ ഇടപെടാൻ കോടതിക്ക് നിയമപരമായ പരിമിതിയുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതോടെ കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ എൻഡിഎയ്ക്ക് സ്ഥാനാർഥികളില്ലാതായി.
അതേസമയം, എലത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് വിമതൻമാർ നാമനിർദ്ദേശ പത്രിക പിൻവലിച്ചു. കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ടാണ് എലത്തൂരില്‍ സമവായം ഉണ്ടായിക്കിയത്. വിമതരായി മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതാക്കളായ യുവി ദിനേഷ് മണി, സനില്‍ റാഷി എന്നിവരാണ് ഇന്ന് പത്രിക പിൻവലിച്ചത്. എലത്തൂരില്‍ കോൺഗ്രസിനെ ഒഴിവാക്കി എൻസികെയ്ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വിമത സ്വരം ഉയർന്നത്. അതേസമയം, സീറ്റ് എൻസികെയ്ക്ക് നല്‍കിയതിനെതിരെ കോൺഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എംകെ രാഘവൻ രൂക്ഷ വിമർശനമാണ് ഇന്നും നടത്തിയത്. മണ്ഡലത്തിന്‍റെ സാഹചര്യം പഠിച്ച് തീരുമാനം എടുക്കണമെന്നും പാർട്ടിയുടേയത് പക്വതയില്ലാത്ത തീരുമാനമാണെന്നും രാഘവൻ പറഞ്ഞു. എന്നാല്‍ ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് നേതാവ് നിയാസ് ഭാരതി വിമതനായി മത്സരരംഗത്തുണ്ട്.
അതോടൊപ്പം വയനാട്ടിലെ മുതിർന്ന കോൺഗ്രസ് വനിതാ നേതാവ് കെസി റോസക്കുട്ടി പാർട്ടി വിട്ടത് കോൺഗ്രസിന് വൻ തിരിച്ചടിയായി. ഇനി ഇടതുപക്ഷവുമായി സഹകരിക്കുമെന്നാണ് മുൻ എംഎല്‍എ കൂടിയായ റോസക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. കോൺഗ്രസില്‍ വനിതകൾക്ക് പരിഗണനയില്ലെന്നും സീറ്റിനായി കരയേണ്ട സാഹചര്യമാണെന്നും കെപിസിസി വൈസ് പ്രസിഡന്‍റായിരുന്ന റോസക്കുട്ടി ആരോപിച്ചു. റോസക്കുട്ടിയെ കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാർഥി എംവി ശ്രേയാംസ്കുമാർ, സിപിഎം നേതാവും മുൻ എംപിയുമായ പികെ ശ്രീമതി എന്നിവർ വീട്ടിലെത്തി കണ്ട് പിന്തുണ അറിയിച്ചു. റോസക്കുട്ടി സിപിഎമ്മില്‍ ചേരുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്‍റെ അപരനായിരുന്ന കെ സുന്ദര ഇത്തവണയും പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ന് പത്രിക പിൻവലിച്ച കെ സുന്ദര മത്സരത്തില്‍ നിന്ന് പിൻവാങ്ങുന്നതായും ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. 2016ലെ തെരഞ്ഞെടുപ്പില്‍ സുന്ദര 467 വോട്ടുകൾ നേടിയപ്പോൾ കെ സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
ഇന്ന് പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കേരളത്തില്‍ ശക്തമായ പ്രചാരണത്തിനാണ് മുന്നണികൾ നേതൃത്വം നല്‍കുന്നത്. ഇന്ന് കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ റോഡ് ഷോ, വിദ്യാർഥികളുമായി സംവാദം, തീരദേശത്ത് വോട്ടർമാരെ കാണല്‍ എന്നി പരിപാടികൾ നടത്തി. നാളെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ണൂരിലെത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലാകും. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ഇരട്ടവോട്ട് ആരോപണം ശരിവെച്ച് തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ ഇന്ന് വാർത്താ സമ്മേളനം നടത്തിയതും ശ്രദ്ധേയമായി. ജില്ലാ കലക്‌ടർമാർ നടത്തിയ അന്വേഷണത്തില്‍ ഇരട്ടവോട്ട്, കള്ളവോട്ട് പരാതികളില്‍ ഒരു പരിധിവരെ ശരിയുണ്ടെന്ന് തെളിഞ്ഞതായി ടിക്കാറാം മീണ പറഞ്ഞു. ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്നമാണെന്നും ബിഎല്‍ഒമാർ പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണമെന്നും ആയിരക്കണക്കിന് ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്നും ടിക്കാറാം മീണ പറഞ്ഞു.