കൊച്ചി: റോബിൻ ബസിന്‍റെ നടത്തിപ്പുകാരൻ ബേബി ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി (Robin Bus Owner Baby Gireesh Got Bail). 2012 ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു ഇന്ന് രാവിലെ പതിനൊന്നരയോടെ കോട്ടയം ഇടമറുകിലുള്ള വീട്ടിലെത്തി ഗിരീഷിനെ അറസ്റ്റ് ചെയ്‌തത്. കൊച്ചിയിലെ കോടതിയിൽ ദീർഘകാലമായി നിലനിൽക്കുന്ന വാറണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്‌തതെന്ന് പാലാ പൊലീസ് അറിയിച്ചിരുന്നു. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ ഗിരീഷിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
അതേസമയം കേസിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാറണ്ടോ സമൻസോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ഗിരീഷ് പറഞ്ഞു. തനിക്കെതിരെ പ്രതികാര നടപടികൾ എടുക്കുന്നത് ഗതാഗത സെക്രട്ടറിയാണെന്നാരോപിച്ച ഗിരീഷ് റോബിൻ ബസിന്‍റെ അടുത്ത സർവീസ് പമ്പയിലേക്ക് ആരംഭിക്കുമെന്നും ഗിരീഷ് പറഞ്ഞു.
വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്‌തത് ദുരൂഹം എന്നാണ് അറസ്‌റ്റിനുപിന്നാലെ ഗിരീഷിന്‍റെ കുടുംബം പ്രതികരിച്ചത്. മോട്ടോർ വാഹന വകുപ്പിന്‍റെ നിർദ്ദേശങ്ങൾ ലംഘിച്ച് റോബിൻ ബസിന്‍റെ സർവീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസിൽ പൊലീസിന്‍റെ നടപടി. ഒരാഴ്‌ചയായി കയ്യിൽ ഉണ്ടായിരുന്ന വാറണ്ടാണെന്നാണ് പോലീസ് പറഞ്ഞത്. നാളെ അവസാന തീയതിയാണ്. ഇത്രയും ദിവസം ഉണ്ടായിട്ടും ഞായറാഴ്‌ച വന്നത് എന്തിനാണെന്നും, ഇതിന് പിന്നിൽ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്നും ഗിരീഷിന്‍റെ ഭാര്യ നിഷ പ്രതികരിച്ചിരുന്നു.