എറണാകുളം: ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മോഷണം നടത്തുന്ന രണ്ടംഗ സംഘം പിടിയിൽ. കോതമംഗലം കോട്ടപ്പടിയിൽ വാടകക്ക് താമസിച്ചു വരുന്ന ഇടുക്കി കീരീതോട് സ്വദേശികളായ പുത്തൻപുരക്കൽ മോഹൻദാസ് (44), കുതിപ്പാലം കല്ലുവെട്ടാംകുഴിയിൽ ഷിബു (36) എന്നിവരെയാണ് പിടിയിലായത്.
തൃക്കാരിയൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ശബ്ദം പുറത്തുവരാത്ത ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് മോഷണശ്രമം. പൂട്ടു തകർത്ത് അകത്ത് കടന്നപ്പോൾ അലാറം മുഴങ്ങിയതിനാൽ മോഷണസംഘം രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.
ജില്ലയുടെ കിഴക്കൻ മേഖലയിൽ അടുത്തിടെ നടന്നിട്ടുള്ള മോഷണശ്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ കോതമംഗലം പോലീസ് സർക്കിൾ ഇൻസെപക്ടർ റ്റി.ഡി.സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
സമാനമായ നിരവധി കേസുകളിൽ ഇവർ പ്രതികളാണന്നും കൂടുതൽ ചോദ്യം ചെയ്തു വരികയാണന്നും പൊലീസ് പറഞ്ഞു. അടുത്തിടെ പൈങ്ങോട്ടൂർ എറ്റിഎം കൗണ്ടർ തകർത്ത് മോഷണം നടത്തുവാൻ ശ്രമിച്ചതുൾപ്പെടെ എട്ടിടത്ത് കവർച്ച ശ്രമങ്ങൾ സംഘം നടത്തിയിട്ടുണ്ടെന്ന് സി.ഐ റ്റി.ഡി.സുനിൽകുമാർ പറഞ്ഞു.
ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇടുക്കി - എറണാകുളം ജില്ലയിൽ നടത്തിയ മറ്റ് മോഷണങ്ങളും തെളിയിക്കുവാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.