റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത്, ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു 'റിംഗ് മാസ്റ്റർ' (Ring Master). ഈ ചിത്രം കണ്ടവരാരും അതിലെ ശ്വാന കഥാപാത്രം 'ഡയാന'യെ മറക്കാനിടയില്ല. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ 'റിംഗ് മാസ്റ്ററില്‍ ഏറെ കയ്യടി നേടിയതും ഗോൾഡൻ റിട്രീവർ (Golden Retriever) ഇനത്തില്‍പ്പെട്ട 'ഡയാന' എന്ന നായയാണ്.
ഹണി റോസ്, കലാഭവൻ ഷാജോൺ, കീർത്തി സുരേഷ്, അജു വർഗീസ് തുടങ്ങിയവരായിരുന്നു 'റിംഗ് മാസ്റ്ററി'ല്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കഥാ പശ്ചാത്തലത്തിൽ ഹണി റോസ് അവതരിപ്പിച്ച ഡയാന എന്ന സിനിമ താരത്തിന്‍റെ അതേ പേരോടുകൂടി ശ്വാന കഥാപാത്രം ഡയാന എത്തുന്നതാണ് 'റിംഗ് മാസ്റ്ററു'ടെ അവലംബം.
ഡയാനയുടെ ട്രെയിനർ ആയി ദിലീപിന്‍റെ കഥാപാത്രവും എത്തുന്നതോടെ തിരശീലയിലെ തമാശകൾക്ക് പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പൊട്ടിച്ചിരി. എന്നാൽ ഇപ്പോഴിതാ 'റിങ് മാസ്റ്റർ' തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി ആർജിച്ച ആർ കെ എന്ന രാധാകൃഷ്‌ണൻ ചിദംബരമാണ് ചിത്രത്തിൽ ദിലീപിന് പകരക്കാരനായി എത്തുന്നത്. 'കിങ് മേക്കർ' എന്നാണ് തമിഴ് ചിത്രത്തിന്‍റെ പേര്.
അതേസമയം സിനിമയുടെ മറ്റു വിശദാംശങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ റിംഗ് മാസ്റ്ററുടെ തമിഴ് പതിപ്പില്‍ തിളങ്ങാൻ ഒരുങ്ങുന്ന 'ശ്വാന നായിക' ഇടിവി ഭാരതിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് ഇതാ എത്തുകയാണ്. ഡയാന എന്നുതന്നെയാണ് അവളുടെ പേര്.