എറണാകുളം: തൃക്കാക്കര നഗരസഭ അധ്യക്ഷ കൗണ്‍സിലർമാർക്ക് പണം നൽകിയെന്ന ആരോപണം സത്യമാണെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇത്തരമൊരു വിവാദം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.
കുറ്റക്കാരെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ രാജൻ Read More:ഓണപ്പുടവയ്‌ക്കൊപ്പം പണം; ആഭ്യന്തര അന്വേഷണവുമായി ഡി.സി.സി
അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ ജനാധിപത്യത്തിന് തന്നെ വളരെ അപമാനകരമാണ്. ഈ വിഷയത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപെട്ടിരുന്നു. ഇത്തരമൊരു പരാതി അവിടെ ലഭിച്ചിട്ടുണ്ട്.
കാര്യങ്ങൾ തദ്ദേശ സ്വയംവകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു. സർക്കാർ ഈ വിഷയം സമഗ്രമായി അന്വേഷിക്കും. കുറ്റക്കാരെ രക്ഷപെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുട്ടിൽ മരം മുറി വിവാദത്തിൽ പുതുതായി ഒന്നും പറയാനില്ല. ഈ കാര്യത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. അവരുടെ റിപ്പോർട്ട് ലഭിച്ചാൽ അത് പരിശോധിച്ച് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. എറണാകുളം കലക്ട്രേറ്റിറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Read More:കൗൺസിലർമാർക്ക് ഓണപ്പുടവയ്‌ക്കൊപ്പം പതിനായിരം രൂപ ; വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി
ഓഗസ്റ്റ് 17ന് തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കിയത്. ഇതോടൊപ്പം പതിനായിരം രൂപയുടെ ഒരു കവറും നൽകി. തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ പണം അടങ്ങിയ കവർ തിരികെ നൽകി അധ്യക്ഷക്കെതിരെ വിജിലന്‍സിന് പരാതി നൽകുകയായിരുന്നു.