രാവിലെ കോളജ് കാന്‍റീനിൽ പൊറോട്ടയടി..പിന്നെ ഗവേഷണം എറണാകുളം: കാലടി സംസ്‌കൃത സർവകലാശാല കാമ്പസിലെ ഗവേഷണ വിദ്യാർഥിയായ അഖിൽ കാർത്തികേയൻ വേറിട്ടൊരു പ്രതിഭയാണ്. എട്ടാം ക്ലാസ് മുതൽ പഠനത്തോടൊപ്പം ജോലിയും ചെയ്‌ത് വരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ അഖിൽ ഗവേഷണത്തോടൊപ്പം ജോലി തുടരുകയാണ്. ഇത്തവണ ജോലി ചെയ്യുന്നത് പഠിക്കുന്ന കാമ്പസിലെ കാന്‍റീനിലാണെന്ന് മാത്രം.
ജീവിതസാഹചര്യങ്ങളോട് പടവെട്ടി പഠനം തുടരുന്നതിന് സഹായകമായത് അഖിലിന്‍റെ അധ്വാനശീലം തന്നെയാണ്. പാട്ടുപാടുകയും, ചിത്രം വരയ്ക്കുകയും ചെയ്യുന്ന അഖിൽ ഒരു തവണ ജനവിധി തേടി പഞ്ചായത്ത് മെമ്പറുമായിട്ടുണ്ട്. കാലടിയിലെ യുണിവേഴ്‌സിറ്റി കാമ്പസിൽ എത്തിയതോടെ പഠനത്തോടൊപ്പമൊരു ജോലിയെന്നതിന് സാധ്യത കുറവായിരുന്നു.
ഇതിനിടെയാണ് കോളേജിലെ കാന്‍റീനിൽ പൊറോട്ടയടിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി നാട്ടിലേക്ക് മടങ്ങിയത്. ഇതോടെയാണ് കാന്‍റീനിൽ പൊറോട്ടയടിക്കാരന്‍റെ ഒഴിവുള്ള കാര്യം അഖിൽ അറിയുന്നത്. പൊറോട്ടയുണ്ടാക്കുന്ന ജോലി താൻ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാന്‍റീൻ നടത്തിപ്പുകാരെ അറിയിക്കുകയായിരുന്നു.
കാമ്പസിലെ ഗവേഷണ വിദ്യാർഥിയായ അഖിലിന് ഏറെ പാചക വൈദഗ്ധ്യവും അധ്വാനവും ആവശ്യമായ പൊറോട്ടയുണ്ടാക്കാൻ കഴിയുമോ എന്നായിരുന്നു അവരുടെ സംശയം. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ദിവസം കാന്‍റീനിൽ രാവിലെ അഞ്ച് മണിയോടെയെത്തി ഒന്നാന്തരം പൊറോട്ടയുണ്ടാക്കി. അതോടെ വിദ്യാർഥികളും കാന്‍റീൻ ജീവനക്കാരും ഞെട്ടി.
പിന്നീടിങ്ങോട്ട് കഴിഞ്ഞ നാല് മാസത്തിലേറെയായി അഖിലിന്‍റെ ഒരു ദിവസം തുടങ്ങുന്നത് കാമ്പസിലെ കാന്‍റീനിൽ നിന്നാണ്. കാണുന്നത് പോലെ നിസാരമല്ല പൊറോട്ട നിർമ്മാണമെന്നാണ് അഖിൽ വിശദീകരിക്കുന്നത്. ശാരീരികമായ അധ്വാനത്തോടൊപ്പം ഏറെ നേരം ചൂടേറിയ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്നത് പ്രയാസം സൃഷ്‌ടിക്കാറുണ്ട്.
ദിനം പ്രതി മൂന്നുറോളം പൊറോട്ടയാണ് അഖിൽ തയ്യാറാക്കുന്നത്. രാവിലെ ഒമ്പതരയ്ക്ക് മുമ്പ് കോളജ് കാന്‍റീനിലെ ജോലി പൂർത്തിയാക്കി ഹോസ്റ്റലിലെത്തി കുളിച്ച് വേഷം മാറി നേരെ ഗവേഷണ പ്രവർത്തനങ്ങളിലേക്കാണ് പോകാറുള്ളത്. എങ്ങനെ പൊറോട്ടയുണ്ടാക്കാൻ പഠിച്ചുവെന്ന് ചോദിച്ചാൽ, പറയാൻ ഒരുപാട് കഥകളുണ്ടെന്നാണ് അഖിലിന്‍റെ മറുപടി.
പഠനത്തോടൊപ്പം ജോലിയെന്ന വിദേശ മാതൃക ഇവിടെയും പ്രയോഗത്തിൽ കൊണ്ടുവരണമെന്നാണ് അഖിലിന്‍റെ അഭിപ്രായം. പഠനത്തോടൊപ്പം ജോലിയെന്ന തന്‍റെ ശൈലിയെ അഭിമാനമായാണ് അഖിൽ കാണുന്നത്. മലയാള സിനിമയുടെ ഭാവുകത്വപരിണാമവും വിപണി രാഷ്ട്രീയവും എന്ന വിഷയത്തിൽ ഡോ. വത്സലൻ വാതുശ്ശേരിയുടെ കീഴിലാണ് അഖിൽ ഗവേഷണം നടത്തുന്നത്.
മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള അഖിലിന് സിനിമ മേഖലയോടുള്ള താത്‌പര്യമാണ് ഇത്തരമൊരു വിഷയം ഗവേഷണ വിഷയമാക്കി തെരെഞ്ഞടുക്കാൻ കാരണമെന്നും അഖിൽ വ്യക്തമാക്കി. കുടുംബത്തിന്‍റെ പിന്തുണയും ജോലിയും പഠനവുമായി മുന്നോട്ട് പോകുന്നതിന് അനുകൂല ഘടകമാണ്. ശൂരനാട് സ്വദേശികളായ ലീലയും, കാർത്തികേയനുമാണ് മാതാപിതാക്കൾ. എഴുത്തുകാരിയും ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയുമായ അനുശ്രീ ചന്ദ്രനാണ് ഭാര്യ.
അഖിലിന്‍റെ കഥകൾ അവസാനിക്കുന്നില്ല. നന്നായി ചിത്രം വരയ്ക്കുന്ന കാമ്പസിന്‍റെ ഈ പാട്ടുകാരൻ ഗവേഷണത്തോടൊപ്പം കാന്‍റീൻ ജോലി തുടരുകയാണ്. എട്ടാം ക്ലാസ് മുതൽ പഠനവും തൊഴിലും ജീവിതത്തിന്‍റെ ഭാഗമാക്കിയ ഈ കൊല്ലം ശൂരനാട് സ്വദേശി ഒരു ടേമില്‍ പഞ്ചായത്ത് മെമ്പറുമായിരുന്നു.