എറണാകുളം: ആശങ്കയുടെയും ഭയപ്പാടിന്‍റെയും മണിക്കൂറുകൾ.. ഒരു നിമിഷം പോലും ഉറങ്ങാതെ നേരം വെളുപ്പിച്ച് തേഞ്ഞിപ്പാലം സ്വദേശിയായ സലീന കുസാറ്റിൽ എത്തി. അപകടത്തിൽ പരിക്കേറ്റ മകൾ ഫാത്തിമ ഷംലയെ നേരിൽ കണ്ടതോടെയാണ് ആശ്വാസമായത്. മകളെയും കൂട്ടി ഭർത്താവ് ഉസ്‌മാനൊപ്പം മൂവരും മലപ്പുറത്തേക്ക് മടങ്ങി.
തിക്കിലും തിരക്കിലും പെട്ട് കുസാറ്റിൽ അപകടം സംഭവിച്ചു എന്ന വാർത്ത കേട്ടത് മുതൽ സലീന
ആശങ്കയിലായിരുന്നു. മകൾ ഫാത്തിമ ഷംല കുസാറ്റിലെ മൂന്നാം വർഷ ഫയർ ആന്‍റ് സേഫ്റ്റി വിഭാഗം വിദ്യാർഥിയാണ്. അപകട വാർത്തയ്ക്ക് പിന്നാലെ ഷംലയെ പല തവണ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ഇതോടെ ആശങ്കയും വർധിച്ചു.
ഇതിനിടെ മകളുടെ ഫോൺ എടുത്ത് സംസാരിച്ചത് ഒരു സീനിയർ വിദ്യാർഥിയായിരുന്നു. ഫോൺ കളഞ്ഞ് കിട്ടിയതാണെന്നും ഫോൺ ആരുടേതെന്ന് അറിയില്ലെന്നുമായിരുന്നു മറുപടി. പിന്നീട്, സഹപാഠിയെ വിളിച്ചപ്പോഴാണ് മകൾക്ക് കാലിൽ ചെറിയ പരിക്ക് പറ്റിയതായി അറിഞ്ഞത്. മകൾ തന്നെ വിളിച്ച് പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ചെങ്കിലും സമാധാനം ലഭിച്ചില്ലന്ന് സലീന പറയുന്നു.
അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്‌ടമായില്ലേ.. തനിക്ക് ചെറിയൊരു പരിക്ക് മാത്രമല്ലേ ഉള്ളൂ ഉമ്മാ എന്ന് മകൾ പറഞ്ഞപ്പോഴാണ് അപകടത്തിന്‍റെ വ്യാപ്‌തി മനസിലായതെന്നും അവർ വ്യക്തമാക്കി. തന്‍റെ മകൾ രക്ഷപ്പെട്ടുവെങ്കിലും മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും കുറിച്ച് ഓർമിച്ച് ദുഃഖിക്കുകയാണ് ഈ രക്ഷിതാക്കൾ. ഏതൊരു രക്ഷിതാവും മക്കളെ കോളജിലേക്ക് പറഞ്ഞയച്ച് അവർ തിരിച്ച് വരുന്നത് കാത്തിരിക്കുകയല്ലേ. അപ്പോൾ അവരുടെ മൃതശരീരം വീട്ടിലേക്കെത്തുന്നത് തീരാത്ത സങ്കടമാണന്നും സലീന പറഞ്ഞു.