രമേശ് ചെന്നിത്തല മാധ്യമങ്ങളോട് എറണാകുളം :ബഫർസോൺ വിഷയത്തിൽ സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ സർക്കാർ കർഷകരെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഗ്രഹ റിപ്പോർട്ട് തെറ്റാണെന്ന് പറയുമ്പോഴും അത് തന്നെ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് പറയുന്നത് തികഞ്ഞ കാപട്യമാണ്. ഈ പ്രശ്‌നത്തിൽ ആദ്യം മുതൽ സർക്കാർ എടുത്ത സമീപനം കർഷക വിരുദ്ധമാണ്. 2019 ലെ മന്ത്രിസഭ തീരുമാനത്തെ തുടർന്നാണ് കർഷക ദ്രോഹ നടപടികൾ ആരംഭിക്കുന്നത്.
തമിഴ്‌നാട്, കർണാടക സർക്കാരുകൾ സ്വീകരിച്ച അതേ നിലപാട് കേരള സർക്കാരും സ്വീകരിക്കേണ്ടതായിരുന്നു. സീറോ ബഫർസോൺ എന്ന നിലപാടായിരുന്നു സർക്കാർ എടുക്കേണ്ടിയിരുന്നത്. ഒരു കിലോമീറ്റർ ബഫർ സോൺ നിശ്ചയിച്ചത് സർക്കാരാണ്. ഉപഗ്രഹ റിപ്പോർട്ടിന് പകരം സാധാരണ റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കണം.
അല്ലാതെയുള്ള നീക്കം കേരളത്തെ ബാധിക്കും. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.പെരിയ ഇരട്ടക്കൊലക്കേസിൽ സി കെ ശ്രീധരൻ തങ്ങളോടൊപ്പം പ്രവർത്തിച്ചയാളാണ്. പാർട്ടി മാറിയ സാഹചര്യത്തിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് പ്രതിഷേധാർഹമാണ്.
കൊലപാതകികളെ രക്ഷിക്കാനുള്ള സി കെ ശ്രീധരന്‍റെ ശ്രമം അധാർമികമാണ്. ഇത് പ്രൊഫഷണൽ എത്തിക്‌സിന് ചേർന്നതല്ല. നേരത്തെ കോൺഗ്രസിന്‍റെ ഭാഗമായിരുന്ന വേളയിൽ കേസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം അദ്ദേഹം കണ്ടതാണ്.
പഴയ സുഹൃത്ത് എന്ന നിലയിൽ ഈ കേസിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.