ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ 'രാമചന്ദ്ര ബോസ് & കോ'. തിയേറ്ററുകളിൽ വിജയകരമായാണ് നിവിൻ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ഈ ചിത്രത്തിന്‍റെ പ്രദർശനം തുടരുന്നത്. എന്നാൽ ചിത്രത്തിനെതിരെ തുടക്കം മുതൽ നടക്കുന്ന കനത്ത ഡീഗ്രേഡിങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ (Ramachandra Boss & Co against degrading).
റിലീസ് ദിനം മുതൽ തന്നെ ചിത്രം കനത്ത ഡീഗ്രേഡിങാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിലും മറ്റു റിവ്യൂസിലും എല്ലാം കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് വ്യക്തമാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് എതിരെ നിയമ നടപടികളുമായി നിർമാതാക്കൾ മുന്നോട്ട് വന്നത് (Ramachandra Boss Degrading).
യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ ഒട്ടുമിക്ക സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ അക്കൗണ്ടുകൾ വഴിയും അല്ലാതെയും ചിത്രത്തെ വളരെയധികം മോശമാക്കി ചിത്രീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും നിരൂപണങ്ങളുമാണ് പങ്കുവയ്‌ക്കപ്പെടുന്നതെന്ന് ഇവർ പറയുന്നു. ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ വ്യാജ അക്കൗണ്ടുകൾ വഴി ഏറ്റവും കുറഞ്ഞ റേറ്റിങ് നൽകി ഡീഗ്രേഡിങും നടക്കുന്നുണ്ട്. ഇത്തരത്തിൽ മനഃപൂർവം ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എതിരെയാണ് ബോസ് & കോ ടീം പരാതി നൽകിയിരിക്കുന്നത്. റിവ്യൂ ചെയ്‌ത അക്കൗണ്ടുകൾ, മോശമായ രീതിയിലുള്ള കമന്‍റുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് അണിയറക്കാർ പരാതി നൽകിയിരിക്കുന്നത്.