എറണാകുളം: തലൈവയുടെ 168-ാമത്തെ ചിത്രം 'അണ്ണാത്ത'യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. 'സിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിന്‍റെ ഷൂട്ടിങ് ചെന്നൈയിൽ പുനഃരാരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സിരുത്തൈ, വേതാളം, വീരം, വിവേകം, വിശ്വാസം എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ശിവകുമാർ ജയകുമാർ എന്നറിയപ്പെടുന്ന സിരുത്തൈ ശിവ. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്ബു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കൊവിഡ് പശ്ചാത്തലത്തിൽ 2021ൽ വീണ്ടും തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ പുനരാരംഭിക്കാനാണ് തീരുമാനം. ലോക്ക് ഡൗണിന് മുൻപ് അണ്ണാത്തയുടെ ഷൂട്ടിങ് ഹൈദരബാദിലും നടന്നിരുന്നു.
'അണ്ണാത്ത' വൈകില്ല; ചെന്നൈയിൽ ഉടൻ ചിത്രീകരണം ആരംഭിക്കും - sivakumar jayakumar
കൊവിഡ് പശ്ചാത്തലത്തിൽ അണ്ണാത്ത 2021ൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഉടൻ ചെന്നൈയിൽ പുനരാരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ചെന്നൈ ഇസിആറിൽ സിനിമയുടെ സെറ്റ് നിർമാണം പുരോഗമിക്കുകയാണെന്നാണ് സൂചനകൾ. നയൻതാരയും കീർത്തി സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന രംഗങ്ങൾ സെറ്റ് നിർമാണം പൂർത്തിയായത്തിന് ശേഷമായിരിക്കും. രജനികാന്ത് ഭാഗമാകുന്ന രംഗങ്ങളുടെ 50 ശതമാനം ഷൂട്ടിങ്ങ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന രംഗങ്ങൾ ജനുവരിയിൽ ചിത്രീകരിക്കും. തുടക്കത്തിൽ ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യണമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. കൊവിഡിനെത്തുടർന്ന് റിലീസ് നീട്ടിവെച്ചു. സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമിക്കുന്ന തമിഴ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് ഡി. ഇമ്മാനാണ്. വെട്രി പളനിസ്വാമി ഛായാഗ്രഹണവും റുബെൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണെന്നും സൂചനയുണ്ട്. തലൈവ ചിത്രത്തിന്‍റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ഇതിനോടകം പുറത്തിറക്കിയിരുന്നു.