എറണാകുളം: രജനികാന്തിന്‍റെ തന്നെ പഴയകാല കഥാപാത്രങ്ങളായ മുത്തുവിനെയും പാണ്ഡ്യനെയും ഓർമിപ്പിച്ചുകൊണ്ട് 'ജയിലറും' 'ടൈഗർ മുത്തുവേൽ പാണ്ഡ്യനും' തിയേറ്ററുകൾ കീഴടക്കുകയാണ്. 'ബീസ്റ്റി'ന്‍റെ സമ്മിശ്ര പ്രതികരണത്തിന് ശേഷം കരിയറിൽ വലിയ പ്രതിസന്ധി നേരിടുകയായിരുന്ന നെൽസൺ ദിലീപ് കുമാറിന്‍റെ ശക്തമായ തിരിച്ചുവരവും വിമർശകർക്കുള്ള മറുപടിയുമാണ് 'ജയിലറി'ന് ഇപ്പോൾ ലഭിക്കുന്ന വലിയ സ്വീകാര്യത.
വിജയ് ചിത്രം കാര്യമായ ഓളം സൃഷ്‌ടിക്കാതെ കടന്നുപോയിട്ടും രജനികാന്ത് ചിത്രത്തില്‍ ആരാധകർ അർപ്പിച്ച പ്രതീക്ഷകൾ ഏതായാലും അസ്ഥാനത്തായില്ല. കഴിഞ്ഞ ചിത്രത്തിലേറ്റ പേരുദോഷം അപ്പാടെ മാറ്റിയെടുക്കും 'ജയിലറി'ന്‍റെ തിരശീലയിലെ തേരോട്ടം. നേരത്തെ 'ജയിലർ' ചിത്രീകരണ സമയത്ത് ദിവസങ്ങളോളം ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് കഠിന പ്രയത്നത്തിലേർപ്പെട്ട നെൽസനെ തലൈവർ രജനി ഉപദേശിച്ചത് വലിയ വാർത്തയായിരുന്നു.
ശാരീരിക - മാനസിക അധ്വാനങ്ങൾ ലഘൂകരിക്കാനും കൂടുതൽ സമയമെടുത്ത് ചിത്രത്തിലെ ജോലികൾ തീർക്കാനും ആയിരുന്നു തലൈവരുടെ ഉപദേശം. പക്ഷേ ഏറെ പ്രതീക്ഷയോടെ വന്ന 'ബീസ്റ്റ്' ഏൽപ്പിച്ച മുറിവ് ചെറുതായിരുന്നില്ല എന്നതിനാൽ തന്നെ വിശ്രമിക്കാൻ നെൽസണ് ആവുമായിരുന്നില്ല. മറ്റൊരു ചിത്രം കൊണ്ട് മറുപടി പറയാൻ അല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിന് മുന്നിൽ ഇല്ലായിരുന്നു.
നെൽസന്‍റെ പതിവ് ശൈലിയിലുള്ള ചിത്രമായിരിക്കും 'ജയിലർ' എന്ന് ഒരു വിഭാഗം പ്രേക്ഷകർ ആദ്യമേ തന്നെ വിധി എഴുതിയിരുന്നു. അദ്ദേഹത്തിന്‍റെ തന്നെ 'ഡോക്‌ടർ' എന്ന മുൻകാല ചിത്രവുമായി ഏറെ സമാനതകൾ ഉണ്ടെന്ന് ആരോപിച്ച് ചിത്രത്തിന്‍റെതായി പുറത്തുവന്ന പ്രൊമോഷണൽ കണ്ടന്‍റിനെ മുൻനിർത്തി സോഷ്യൽ മീഡിയയില്‍ കടുത്ത ഭാഷയിൽ വിമർശനം ഉയർന്നിരുന്നു.
ഇപ്പോഴിതാ അതിനൊക്കെ മറുപടിയായി മാറുകയാണ് നെൽസന്‍റെ സംവിധാന മികവിൽ തലൈവർ രജനിയുടെ തിരശീലയിലെ വിളയാട്ടം. റിട്ടയർമെന്‍റിനുശേഷം കുടുംബത്തോടൊപ്പം സ്വജീവിതം നയിക്കുന്ന മുത്തുവേൽ പാണ്ഡ്യനിലൂടെയാണ് ജയിലറുടെ കഥ തുടങ്ങുന്നത്. ഭാര്യയും മകനും മരുമകളും അടങ്ങുന്ന കൊച്ചു കുടുംബം.