എറണാകുളം:ഇലന്തൂർ നരബലി കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുന്നു. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതി ലൈല എന്നിവരെ എറണാകുളം പൊലീസ് ക്ലബിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. മൂന്ന് സ്റ്റേഷനുകളിൽ ആയിരുന്നു പ്രതികളെ പാർപ്പിച്ചിരുന്നത്.
നരബലി കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നു പന്ത്രണ്ട് ദിവസം പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണമെന്നതിനെ കുറിച്ച് പൊലീസ് വ്യക്തമായ രൂപരേഖ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ പങ്കെടുത്ത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒരുമിച്ച് ഇരുത്തിയും വിശദമായി ചോദ്യം ചെയ്യും.
കടവന്ത്ര, കാലടി സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്‌ത പത്മ, റോസ്‌ലിന്‍ തിരോധാന കേസുകളിൽ ഒരുമിച്ചാണ് അന്വേഷണം തുടരുന്നത്. മുഖ്യപ്രതി ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.
രണ്ട് നരബലി കേസുകളിലും പ്രതികൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. സമാനമായ കുറ്റകൃത്യം പ്രതികൾ വേറെയും നടത്തിയിരുന്നോ, ഒന്നാം പ്രതി ഷാഫി സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും ആഭിചാരപ്രവർത്തനം നടത്തിയിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.
ഒന്നാം പ്രതി ഷാഫി താമസിച്ചിരുന്ന ഗാന്ധിനഗറിലെ വീട്, ചിറ്റൂർ റോഡിലെ ഹോട്ടൽ, കടവന്ത്രയിൽ പത്മ താമസിച്ച വീട്, ഇലന്തൂരിലെ നരബലി നടത്തിയ വീട് എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളെ എത്തിക്കുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ച് കൂടി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാനുള്ള മുൻകരുതൽ സ്വീകരിച്ചായിരിക്കും തെളിവെടുപ്പ് പൂർത്തിയാക്കുക. കേസുമായി ബന്ധപ്പെട്ട പ്രധാന സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.