എറണാകുളം :കേരള ബ്ലാസ്‌റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞതായി പരാതി. സംഭവം വിവാദമായതോടെ സർക്കാർ ഇടപെടുകയും പൂട്ടിയ മൈതാനം തുറന്ന് നൽകുകയും ചെയ്‌തു. കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍സിൽ പങ്കെടുക്കുന്നതിനായാണ് രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും കൊച്ചി പനമ്പിള്ളി നഗറിലെത്തിയത്.
എന്നാൽ, സെലക്ഷൻ ട്രയൽസ് നടക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ച പനമ്പിള്ളി നഗറിലെ ജില്ല സ്പോർട്‌സ് കൗൺസിൽ മൈതാനം അടഞ്ഞ് കിടക്കുകയായിരുന്നു. ഇതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് എത്തിയ കുട്ടികൾ മൈതാനത്തിൽ കയറാനാകാതെ ഗേറ്റിന് പുറത്ത് നിന്നു. സെലക്ഷൻ നടത്തുമെന്ന് അറിയിച്ച ബ്ലാസ്റ്റേഴ്‌സ് അധികൃതരും ആദ്യഘട്ടത്തിൽ എത്തിയില്ല.
സെലക്ഷനിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് അറിയാതെ കുട്ടികളും, രക്ഷിതാക്കളും മണിക്കൂറുകളോളം ആശങ്കയിലായി. സംഭവം വാർത്തയായതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്റ്റേഴ്‌സ് കരാർ പ്രകാരമുള്ള വാടക നല്‍കിയില്ലെന്നും അതിനാലാണ് മൈതാനം തുറന്ന് നൽകാത്തത് എന്നും വിശദീകരിച്ച് പി വി ശ്രീനിജന്‍ എംഎല്‍എ രംഗത്തെത്തി. ഇത്തരമൊരു പരിശീലനം ഉള്ളതായി തങ്ങളെ അറിയിച്ചിട്ടില്ല. കുട്ടികളെ എത്തിച്ച് തങ്ങളെ സമ്മർദത്തിലാക്കുകയാണെന്നും എംഎൽഎ ആരോപിച്ചു.
എട്ട് മാസത്തെ മുഴുവൻ തുകയാണ് കുടിശ്ശികയായുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നൽകിയതാണന്നും പി വി ശ്രീനിജൻ എംഎൽഎ പറഞ്ഞു. എന്നാൽ, ഇതിന് പിന്നാലെ എംഎൽഎയുടെ വാദങ്ങൾ തള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് യു. ഷറഫലി രംഗത്തെത്തി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്‌റ്റേഴ്‌സ് യാതൊരു വാടക കുടിശ്ശികയും വരുത്തിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.