എറണാകുളം: പിവി അൻവർ എംഎൽഎ കൈവശം വച്ചിരുന്ന മിച്ച ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവിട്ടതായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് (PV Anwar Violated The Land Reforms Act). 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ ഉത്തരവിട്ടതായാണ് ലാൻഡ് ബോർഡ് ഹൈക്കോടതിയെ അറിയിച്ചത് (Land Board Ordered To Take Back Surplus Land). ഇക്കാര്യം രേഖപ്പെടുത്തി പിവി അൻവറിനെതിരായ കോടതിയലക്ഷ്യ ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
ഭൂമിതിരിച്ചു പിടിക്കാനുള്ള നടപടികൾ തുടങ്ങാൻ കോടതി നിർദേശിച്ചിട്ടും അത് നടപ്പിലാക്കാത്തതിനെ തുടർന്ന് വിവരാവകാശ പ്രവർത്തകൻ കെ.വി ഷാജിയായിരുന്നു വീണ്ടും കോടതിയലക്ഷ്യ ഹർജി നൽകിയത്. നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസ സമയം കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി അനുവദിച്ചിരുന്നു. പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശം വയ്‌ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് കെ.വി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ 2022 ജനുവരി 13 നായിരുന്നു ഹൈക്കോടതി രണ്ടാമത് ഉത്തരവിട്ടത്.
എന്നാല്‍ എംഎല്‍എയായ അന്‍വറിന്‍റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍മാരെ അടിക്കടി സ്ഥലം മാറ്റിയെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. അന്‍വറിന്‍റെയും കുടുംബത്തിന്‍റെയും പക്കലുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20 നായിരുന്നു ആദ്യ ഉത്തരവിറക്കിയത്.
നിയമം ലംഘിച്ചുള്ള നിര്‍മാണം കൂടുതല്‍ പള്ളിവാസലിലും ശാന്തന്‍പാറയിലും: ഏറ്റവും കൂടുതല്‍ നിയമം ലംഘിച്ചുള്ള നിര്‍മാണം പള്ളിവാസല്‍, ശാന്തന്‍പാറ വില്ലേജുകളിലെന്ന് റവന്യൂ റിപ്പോർട്ട്. ഏറെ വിവാദമായി ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്നാര്‍ വില്ലേജില്‍ മൂന്നും, കെഡിഎച്ച് വില്ലേജില്‍ നാലും അനധികൃത നിര്‍മാണങ്ങള്‍ മാത്രമെന്നും കണ്ടെത്തൽ. റവന്യൂ വകുപ്പ് തയാറാക്കിയ അനധികൃത നിർമാണങ്ങളുടെ പട്ടികയിൽ ഏറ്റവും അധികം നിർമാണങ്ങൾ നടന്നിട്ടുള്ള വില്ലേജുകളുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത് ശാന്തൻപാറ, പള്ളിവാസൽ വില്ലേജുകളാണ് ശാന്തന്‍പാറയില്‍ സിപിഎം ഓഫിസടക്കം നിയമം ലംഘിച്ചുള്ള നിർമാണമെന്ന് റിപ്പോർട്ടിലുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള അനധികൃത നിര്‍മാണവും ശാന്തന്‍പാറ പഞ്ചായത്തിലാണ് ഏറ്റവും അധികം.
പള്ളിവാസലില്‍ അനധികൃത നിര്‍മാണം 19 എണ്ണമാണ്. പള്ളിവാസലിലെ അനധികൃത നിര്‍മാണത്തില്‍ 16 എണ്ണവും റിസോര്‍ട്ടാണ്. അതേസമയം ഏറെ വിവാദമായി ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്നാര്‍ വില്ലേജില്‍ മൂന്നും, കെഡിഎച്ച് വില്ലേജില്‍ നാലും അനധികൃത നിര്‍മ്മാണങ്ങള്‍ മാത്രം. മൂന്നാറിലെ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടം കെഎസ്ഇബി ഭൂമി കയ്യേറി നടത്തിയ അനധികൃത നിര്‍മാണത്തിന്‍റെ പട്ടികയില്‍ ഉണ്ട്. വിവാദ ഭൂമിയായി മാറിയ ചിന്നക്കനാലില്‍ റവന്യൂ വകുപ്പ് അനധികൃതമായ നിര്‍മാണം ആകെ കണ്ടെത്തിയത് ഏഴെണ്ണം. ഏഴെണ്ണവും പട്ടയ ഭൂമിയില്‍ തന്നെ.