പിവി അന്‍വര്‍ എംഎൽഎയെ ചോദ്യം ചെയ്‌ത് ഇ.ഡി എറണാകുളം :പി.വി അന്‍വര്‍ എംഎൽഎയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു. കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് എംഎൽഎയെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്‌തത്. കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് സംബന്ധിച്ചായിരുന്നു മൊഴിയെടുക്കല്‍.
ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ നടപടി രാത്രി ഒമ്പത് മണിയോടെയാണ് പൂർത്തിയായത്. ഇ.ഡി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതല്ലെന്നായിരുന്നു പി.വി അൻവറിന്‍റെ പ്രതികരണം. കുറച്ചുനാള്‍ കഴിയുമ്പോൾ അത് നിങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ശാന്തനായാണ് എംഎൽഎ പ്രതികരിച്ചത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ പി.വി അന്‍വർ മാധ്യമങ്ങളോട് ക്ഷുഭിതനായിരുന്നു.
എന്തിനാണ് ഈ ചോദ്യം ചെയ്യല്‍ : പി.വി അൻവർ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മലപ്പുറം സ്വദേശിയായ പ്രവാസി എഞ്ചിനീയർ സലിം എന്നയാളാണ് പി.വി അൻവറിനെതിരെ പരാതി നൽകിയത്. അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് സലിമിന്‍റെ പരാതി. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്‌ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അന്‍വര്‍ തട്ടിയെന്ന് സലീം ആരോപിച്ചിരുന്നു. എംഎൽഎക്കെതിരായ പരാതിയിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നേരത്തെ അന്വേഷണം നടത്തിയിരുന്നു.
ഇ.ഡി വന്നതെങ്ങനെ : സിവിൽ സ്വഭാവമുള്ള കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. എന്നാല്‍ ഇത് കോടതി തള്ളി. സംസ്ഥാന ഏജൻസികളുടെ അന്വേഷണം ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് രേഖകൾ സഹിതം പരാതിക്കാരൻ ഇ.ഡിയെ സമീപിച്ചത്. ഇതേ തുടർന്നാണ് പരാതിയിൽ ഇ.ഡി അന്വേഷണം തുടങ്ങിയത്. ഇതിന്‍റെ തുടർച്ചയായാണ് എം.എൽ.എയെ നേരിട്ട് വിളിച്ചുവരുത്തി എൻഫോഴ്‌സ്‌മെന്‍റ് രണ്ടാം ദിവസവും ചോദ്യം ചെയ്തത്.