എറണാകുളം :PT Thomas | അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിന്‍റെ കണ്ണുകള്‍ ദാനം ചെയ്‌തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം. നിലപാടുകളില്‍ വിട്ടുവീഴ്‌ചയില്ലാത്ത രാഷ്ട്രീയ നേതാവിന്‍റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും.
മൃതദേഹം നാളെ പുലർച്ചെയാണ് കൊച്ചിയിലെത്തിക്കുക. രാവിലെ ഏഴുമണിക്ക് എറണാകുളം ഡി.സി.സി ഓഫിസിലെത്തിക്കും. തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നര മണി വരെ പൊതുദർശനം തുടരും. പി.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശന സമയത്ത് ചന്ദ്രകളഭം ചാർത്തി എന്ന് തുടങ്ങുന്ന സിനിമാഗാനം ടൗൺഹാളിൽ മുഴങ്ങും. ശേഷം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
പി.ടിയുടെ ആഗ്രഹമനുസരിച്ച് വൈകുന്നേരം നാലര മണിയോടെ മൃതദേഹം രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും. ചിതാഭസ്‌മം ഇടുക്കി ഉപ്പുതോടുള്ള അമ്മയുടെ കല്ലറയ്ക്ക് സമീപം അടക്കം ചെയ്യുമെന്നും എറണാകുളം ഡി.സി.സി. അറിയിച്ചു.
അതേസമയം പി.ടിയുടെ വിയോഗ വാർത്ത പരന്നതോടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പാലാരിവട്ടത്തെ എം.എൽ.എ ഓഫിസിലേക്ക് ഒഴുകിയെത്തി. പലർക്കും പി.ടിയുടെ വിടവാങ്ങല്‍ സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പൊട്ടിക്കരഞ്ഞാണ് അനുശോചനമറിയിച്ചത്.