എറണാകുളം:മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച നടത്തി. സഭാ ആസ്ഥാനമായ പുത്തൻകുരിശിലെത്തിയായിരുന്നു ചർച്ച. യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. ഇടതുമുന്നണിയെ പരസ്യമായി പിന്തുണക്കുന്ന യാക്കോബായ സഭയെ കൂടെ നിർത്താനുള്ള ബി.ജെ.പി തന്ത്രമാണ് ശ്രീധരൻ പിള്ളയുടെ സന്ദർശനമെന്നാണ് വിലയിരുത്തൽ. എന്നാൽ തൻ്റെ സന്ദർശനം തികച്ചും സൗഹൃദപരമാണെന്നാണ് ശ്രീധരൻ പിള്ള വ്യക്തമാക്കിയത്. സഭാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്നും എല്ലാം ദൈവത്തിൻ്റെ ഹിതം പോലെ നടക്കുമെന്നും പി.എസ് ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
പി.എസ് ശ്രീധരൻപിള്ള യാക്കോബായ സഭ നേതൃത്വവുമായി ചർച്ച നടത്തി - എറണാകുളം
സഭാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്നും എല്ലാം ദൈവത്തിൻ്റെ ഹിതം പോലെ നടക്കുമെന്നും പി.എസ് ശ്രീധരൻ പിള്ള. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന തനിക്ക് രാഷ്ട്രീയമില്ലെന്നും തൽക്കാലം കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
![പി.എസ് ശ്രീധരൻപിള്ള യാക്കോബായ സഭ നേതൃത്വവുമായി ചർച്ച നടത്തി PS Sreedharan Pillai discussions with Jacobites പി.എസ് ശ്രീധരൻപിള്ള യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച നടത്തി സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ശ്രീധരൻ പിള്ളയുടെ ഇടപെടൽ എറണാകുളം Eranakulam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10422093-1077-10422093-1611910515810.jpg)
ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന തനിക്ക് രാഷ്ട്രീയമില്ലെന്നും അദ്ദഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് നടത്തിയ കൂടികാഴ്ച്ചയിൽ സഭാതർക്കം ചർച്ച ചെയ്‌തിട്ടില്ല. തൽക്കാലം കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അതേസമയം കോട്ടയത്തെ ഓർത്തഡോക്‌സ് സഭാ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്‌ച നിശ്ചയിച്ചിട്ടുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ശ്രീധരൻ പിള്ളയുടെ സഭാ നേതാക്കളുമായുള്ള ചർച്ചക്ക് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ട്. മലങ്കര സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത് ശ്രീധരൻ പിള്ളയുടെ ഇടപെലിനെ തുടർന്നായിരുന്നു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ മിസോറാം ഗവർണർ എത്തിയത്. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ്, മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫീ ലോസ്, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.