സിറോ മലബാർ സഭയുടെ കുർബാന ഏകീകരണം എറണാകുളം: സിറോ മലബാർ സഭയുടെ കുർബാന ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും ഒരു വിഭാഗം വിശ്വാസികളും. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ നിയമിച്ച ഫാ. ആന്‍റണി പൂതവേലിയുടെ അൾത്താരാഭിമുഖ കുർബാന നടത്താനുള്ള ശ്രമം വൈദികരും വിശ്വാസികളും ചേർന്ന് തടഞ്ഞു. തുടർന്ന് വൈദികർ ജനാഭിമുഖ കുർബാന നടത്തുകയും ചെയ്‌തു.
നേരത്തെ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞതിനെ തുടർന്ന് വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതേതുടർന്ന്, സെന്‍റ് മേരീസ് ബസലിക്കയിൽ വിശ്വാസികളുടെ പ്രവേശനം താത്‌കാലികമായി ജില്ല ഭരണകൂടം തടഞ്ഞിരിക്കുകയാണ്. അതേസമയം, വൈദികര്‍ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിന്‍റെ അയോഗ്യതാ പത്രം തയ്യാറാക്കി.
ബിഷപ്പ് ഹൗസിലെ അദ്ദേഹത്തിന്‍റെ മുറിയുടെ വാതിലില്‍ പതിക്കുകയും വാതിലിനു കുറുകെ ചുവന്ന റിബ്ബണ്‍ കെട്ടി പ്രതിഷധിക്കുകയും ചെയ്‌തു. ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിലിനെ ഭീഷണിപ്പെടുത്തി അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റര്‍ രാജിവയ്‌പ്പിച്ചുവെന്നാണ് വൈദികർ ആരോപിക്കുന്നത്. ഏകീകൃത കുര്‍ബാന അതിരൂപതയില്‍ അടിച്ചേല്‍പ്പിക്കാനുള്ള അഡ്‌മിനിസ്ട്രേറ്ററുടെ തന്ത്രത്തെ എന്തു വിലകൊടുത്തും വൈദികരും അല്‍മായരും ചെറുക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ വ്യക്തമാക്കി.
ക്രിസ്‌തുമസ് ദിനത്തിലെ കുര്‍ബാനകള്‍ക്ക് ശേഷം വൈദികരെല്ലാം അതിരൂപത ആസ്ഥാനത്ത് ഒത്തുകൂടി നീതിയജ്ഞത്തിന്‍റെ പുതിയ മുഖം തുറക്കുമെന്നും കണ്‍വീനര്‍ പ്രസ്‌താവിച്ചു. ഡിസംബർ 21ന് ആരംഭിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളിൽ നിന്നും സിറോ മലബാർ സഭ നേതൃത്വത്തെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.