എറണാകുളം : മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയ്ക്കുനേരെ അക്രമികൾ പാഞ്ഞടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിനുമുൻപുള്ള ദിവസങ്ങളിൽ മൂന്ന് പ്രതികളും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇത് ഗൂഢാലോചനയുടെ തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
'പ്രതിഷേധത്തിനുപിന്നിൽ ഗൂഢാലോചന' ; വിമാനത്തിൽ സിസിടിവി ഇല്ലായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ - മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിൽ പ്രതിഷേധം
സംഭവം നടക്കുന്നതിനുമുൻപുള്ള ദിവസങ്ങളിൽ മൂന്ന് പ്രതികളും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇത് ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
പ്രതിഷേധവുമായി ബന്ധപ്പെട്ടെടുത്ത വധശ്രമ കേസിലെ മൂന്ന് പ്രതികളുടെയും ഫോൺ രേഖകളും സർക്കാർ കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ വിമാനത്തിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൂടേയെന്ന് കോടതി ചോദിച്ചെങ്കിലും ചെറുവിമാനമായതിനാൽ ക്യാമറ ഇല്ലെന്നായിരുന്നു സർക്കാർ മറുപടി.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും കേവലം പ്രതിഷേധിച്ച തങ്ങളെ മർദിച്ച ഇ.പി ജയരാജനെതിരെ നടപടി സ്വീകരിച്ചില്ലെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. വാദം പൂർത്തിയായതിനെ തുടർന്ന് പ്രതികളുടെ ജാമ്യ ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി.