എറണാകുളം:കോടതി നിലനിൽക്കുന്നിടത്തോളം കാലം കെ.എസ്.ആർ.ടി.സി അടച്ചു പൂട്ടാനാകില്ലെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സി ആസ്ഥാന മന്ദിരത്തിന് മുന്നിലെ സമരം അവസാനിപ്പിച്ച തൊഴിലാളി യൂണിയനുകൾക്ക് കോടതിയുടെ അഭിനന്ദനം അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റുകളിലെ അടിസ്ഥാന സൗകര്യമില്ലായ്‌മയിൽ ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിച്ചു.
ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോർപ്പറേഷൻ നിലനിർത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി പരാമർശം ഉണ്ടായത്. കെ.എസ്.ആർ.ടിസിയെ പുനരുജ്ജീവിപ്പിക്കാൻ ഒത്തൊരുമിച്ച് ശ്രമിക്കണമെന്നും തൊഴിലാളി സംഘടനകളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം കെ.എസ്.ആർ.ടി.സി സ്റ്റാന്‍റുകളിലെ അടിസ്ഥാന സൗകര്യമില്ലായ്‌മ കോടതിയിൽ വിമർശനത്തിന് വിധേയമായി.